ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ മികച്ച വിവര്‍ത്തനത്തിനുള്ള ബുക്ക് ഓഫ് ദി ഇയര്‍ അവാര്‍ഡ് പ്രസാധകരായ ഹാര്‍പ്പര്‍ കോളിന്‍സ് ഇന്ത്യയ്ക്ക്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഷീലാ ടോമിയുടെ ‘വല്ലി‘ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ഹാര്‍പ്പര്‍ കോളിന്‍സിനെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. ജയശ്രീ കളത്തിലാണ് ഷീലാടോമിയുടെ ‘വല്ലി’ എന്ന കൃതി അതേ പേരില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
View this post on Instagram
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള 2022-ലെ ചുരുക്കപ്പട്ടിക ‘വല്ലി’ യുടെ ഇംഗ്ലീഷ് പരിഭാഷ ഇടംനേടിയിരുന്നു.
വയനാട്ടിലെ കുടിയേറ്റ കര്‍ഷകരുടെ ജീവിതം പ്രമേയമാക്കി എഴുതപ്പെട്ട നോവലാണ് വല്ലി. കുടിയേറ്റത്തിനിടയില്‍ സംഭവിക്കുന്ന പ്രണയങ്ങളും പ്രണയനിരാസവും വിപ്ലവവും മറ്റു സങ്കീര്‍ണ്ണതകളുമൊക്കെ ഈ നോവലിലുമുണ്ട്. വറ്റിവരണ്ട് മെലിയുന്ന നദിയും സമൃദ്ധമായ കാട് മെല്ലെ മെല്ലെ ഇല്ലാതായികൊണ്ടിരിക്കുന്നതുമായ കല്ലുവയല്‍ എന്ന ഗ്രാമമാണ് നോവലിന്റെ പ്രധാന ഭൂമിക. പ്രകൃതിയുമായുള്ള മനുഷ്യന്റെ ഗാഢ ബന്ധവും അതിലുപരി, ജാതി, ഗോത്രം, ഇക്കോഫെമിനിസം, തൊഴില്‍, ആത്മീയത, കുടിയേറ്റം, കുടിയിറക്കം, എന്നിങ്ങനെ ഒട്ടേറെ പ്രമേയങ്ങളുടെ സൂക്ഷ്മാവതരണവും വല്ലിയിലുണ്ട്. വയനാടിന്റെ സമഗ്രാഖ്യാനമെന്ന നിലയില്‍ വയനാട് പ്രമേയമായ ഇതര നോവലുകളില്‍നിന്ന് വേറിട്ടു നില്‍ക്കുന്ന രചന.
കുത്തനെയുള്ള ഇറക്കവും വളവും തിരിവും മലയും പുഴയും കാടും മഞ്ഞുമുള്ള വയനാടിന്റെ മുക്കിലും മൂലയിലുംകൂടി മിത്തുകള്‍ക്കൊപ്പം ഒരു നവസഞ്ചാരമാണ് ഷീല ടോമിയുടെ വല്ലി എന്ന നോവല്‍. മാധവ് ഗാഡ്ഗില്‍ പല ഇക്കോളജിക്കലി സെന്‍സിറ്റീവ് സോണുകളാക്കി തിരിക്കുന്നതിനും മുമ്പേ എല്ലാ സോണുകളിലേക്കും മനുഷ്യരുടെ അനിയന്ത്രിതമായ തള്ളിക്കയറ്റം സംഭവിച്ചുകഴിഞ്ഞിരുന്ന ബയല്‍നാട് എന്ന വയനാട്ടില്‍നിന്ന് ഒരു വനഗാഥ. എപ്പോഴും പരാജയപ്പെടുത്തപ്പെടുന്ന ആദിവാസികളുടെ, പാവപ്പെട്ട കുടിയേറ്റകര്‍ഷകരുടെ ജീവഗാഥ.
The post FICCI മികച്ച വിവര്‍ത്തനത്തിനുള്ള ബുക്ക് ഓഫ് ദി ഇയര്‍ അവാര്‍ഡ് ഷീലാ ടോമിയുടെ ‘വല്ലി’ യുടെ ഇംഗ്ളീഷ് പരിഭാഷക്ക് first appeared on DC Books.