
2022 ലെ ഓടക്കുഴൽ അവാർഡ് അംബികാസുതൻ മാങ്ങാടിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘പ്രാണവായു’ എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. 30,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. 2023 ഫെബ്രുവരി 2 നു അവാർഡ് സമർപ്പിക്കും.
തിരഞ്ഞെടുത്ത പരിസ്ഥിതി കഥകളുടെ സമാഹരമാണ് ‘പ്രാണവായു’. എന്നെ വല്ലാതെ അലട്ടുന്ന വിഷയങ്ങളാണ്. ബാധയൊഴിപ്പിച്ചു കളയുന്നപോലെ, സ്വാസ്ഥ്യം നേടാൻ വേണ്ടി ഞാനെഴുതുന്നത്. അതുകൊണ്ടാണ് പരിസ്ഥിതിക്കഥകൾ തുടരുന്നത് മാത്രമല്ല. മനുഷ്യനെ ഏറ്റവും ഭയങ്കരമായി ബാധിച്ചുകൊണ്ടിരിക്കുന്ന വിഷയവും മറ്റെന്താണ്? ശ്വസിക്കാൻ പ്രാണവായുവും കുടിക്കാൻ പ്രാണജലവുമില്ലാത്ത അവസ്ഥ സംജാതമാകുമ്പോൾ, മനുഷ്യസൃഷ്ടമായ ആഗോളതാപനത്തിന്റെ വിപര്യയങ്ങളായി ചുഴലിക്കാറ്റുകളും പ്രളയങ്ങളും കാട്ടുതീയുമൊക്കെ ഒന്നിനു പിറകെ ഒന്നായി വന്ന് വിപൽസന്ദേശങ്ങൾ തുടരുമ്പോൾ എങ്ങനെ പരിസ്ഥിതിയെ എഴുതാതിരിക്കും? എന്നാണ് പുസ്തകത്തിന്റെ ആമുഖത്തിൽ എഴുത്തുകാരൻ കുറിച്ചത്. കോവിഡ് കാലത്ത് ഈ സമാഹാരത്തിലെ ‘പ്രാണവായു’ എന്ന കഥ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.