മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2020ലെ ജെ.സി ഡാനിയേല്‍ പുരസ്കാരം ഗായകൻ പി.ജയചന്ദ്രന്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആണ് വാർത്താകുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് ജെ.സി ഡാനിയേല്‍ അവാര്‍ഡ്.
സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് ജെ.സി ഡാനിയേൽ പുരസ്കാരം. അരനൂറ്റാണ്ടിലേറെയായി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന പി.ജയചന്ദ്രന് മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവഴികളില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച ഗായകനാണെന്ന് ജൂറി അഭിപ്രായപ്പെട്ടു.
ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജേതാവ് അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനും നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കര്‍, നടി സീമ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. പുരസ്കാര സമര്‍പ്പണം 2021 ഡിസംബര്‍ 23ന് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
‘ഏകാന്ത പഥികന്‍ ഞാന്‍’ എന്ന പി ജയചന്ദ്രന്റെ ആത്മകഥ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. തന്റെ കുട്ടിക്കാലം മുതല്‍ പാട്ടിന്റെ ലോകത്തേക്ക് നടന്നു തീര്‍ത്ത വഴികള്‍ വരെ ഓര്‍ത്തെടുക്കുകയാണ് പ്രശസ്ത ഗായകനായ ജയചന്ദ്രന്‍. ഓരോ പാട്ടും ഹൃദയത്തോടു ചേര്‍ത്തു വച്ച് പാടിയാണ് അവയെ അദ്ദേഹം ജനമനസ്സില്‍ എത്തിച്ചതെന്ന് ഈ ആത്മകഥയിലൂടെ വ്യക്തമാകുന്നു. തന്നോടൊപ്പം പാടിയവര്‍, ഗാനരചയിതാക്കള്‍, ഗാനസംവിധായകര്‍, എന്നിവരുമായുള്ള ബന്ധങ്ങളെക്കുറിച്ചും ചലച്ചിത്രരംഗത്തുനിന്നുള്ള തിക്താനുഭവങ്ങളെക്കുറിച്ചുമെല്ലാം ജയചന്ദ്രന്‍ ഇവിടെ മനസ്സു തുറക്കുന്നു
The post ജെ സി ഡാനിയേല്‍ പുരസ്കാരം പി. ജയചന്ദ്രന് first appeared on DC Books.