പ്രമുഖ ഇന്ത്യന്‍ വാസ്തുശില്‍പി ബാലകൃഷ്ണ ദോഷിക്ക് (94) ബ്രിട്ടനിലെ പ്രശസ്തമായ റോയല്‍ ഗോള്‍ഡ് മെഡല്‍. എലിസബത്ത് രാജ്ഞിയുടെ അംഗീകാരത്തോടെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടിഷ് ആര്‍ക്കിടെക്ട്‌സ് (ആര്‍ഐബിഎ) നല്‍കി വരുന്ന പുരസ്‌കാരം വാസ്തുശില്‍പ മേഖലയില്‍ ലോകത്തെ ഏറ്റവും ഉയര്‍ന്ന ബഹുമതികളില്‍ ഒന്നാണ്.
വാസ്തുവിദ്യാരംഗത്തെ നൊബേല്‍ എന്നറിയപ്പെടുന്ന പ്രിറ്റ്‌സ്‌കര്‍ പുരസ്‌കാരം കരസ്ഥമാക്കിയ വിഖ്യാത ആര്‍ക്കിടെക്ടാണ് ബാലകൃഷ്ണ വിതാല്‍ദാസ് ദോഷി എന്ന ബി.വി ദോഷി. അന്താരാഷ്ട്രവാസ്തുവിദ്യാരംഗത്തെ ആധുനികപ്രവണതകള്‍ പ്രാദേശിക ചേരുവയോടെ അവതരിപ്പിച്ച ദോഷി വാസ്തുവിദ്യാരംഗത്ത് തെക്കന്‍ ഏഷ്യന്‍ മേഖലയിലെ പ്രധാന വ്യക്തിത്വമാണ്. പൂനെ സ്വദേശിയായ ബി.വി ദോഷി സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവുമധികം സ്വാധീനിക്കപ്പെട്ട ആര്‍ക്കിടെക്ട് കൂടിയാണ്.
ചെലവു കുറഞ്ഞ പാര്‍പ്പിട നിര്‍മ്മാണ രൂപകല്പനയിലൂടെ ശ്രദ്ധേയനായ ബി.വി ദോഷിയുടെ നിര്‍മ്മിതികള്‍ ഏറെ പ്രശംസകള്‍ നേടിയിട്ടുണ്ട്. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, ദില്ലിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി, ഇന്‍ഡോറിലെ ചെലവുകുറഞ്ഞ കെട്ടിടസമുച്ചയമായ അരണ്യ, അഹമ്മദാബാദിലെ ഹുസൈന്‍ദോഷി തുടങ്ങിയ നിര്‍മ്മിതികള്‍ ഏറെ ശ്രദ്ധേയമാണ്. അംദാവാദ് നി ഗുഫ എന്ന പേരില്‍ അദ്ദേഹം നിര്‍മ്മിച്ച ഭൂഗര്‍ഭ അറ മ്യൂസിയം എം.എഫ് ഹുസൈനുമായി ചേര്‍ന്നാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
രാജ്യത്ത് വാസ്തുവിദ്യാപഠനമേഖല നവീകരിക്കുന്നതിലും ദോഷി നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പത്മശ്രീ പുരസ്‌കാരം, ആഗാഖാന്‍ പുരസ്‌കാരം, കലാമികവിനുള്ള ഫ്രാന്‍സിന്റെ പരമോന്നത പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
The post ബാലകൃഷ്ണ ദോഷിക്ക് യുകെ റോയൽ ഗോൾഡ് മെഡൽ first appeared on DC Books.