എസ്ബിടിയുടെ 2016 സാഹിത്യ പുരസ്‌കാരം എം മുകുന്ദനും, കെ പി രാമനുണ്ണിയ്ക്കും പ്രഭാവര്‍മ്മയ്ക്കും ലഭിച്ചു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ (എസ്.ബി.ടി) സുവര്‍ണമുദ്ര പുരസ്‌കാരത്തിനാണ് മയ്യഴിയുടെ കഥാകാരന്‍ എം മുകുന്ദന്‍ അര്‍ഹനായത്. മലയാള ഭാഷക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.
മികച്ച കഥാ സമാഹാരത്തിനുള്ള പുരസ്‌കാരത്തിനാണ് കെ പി രാമനുണ്ണി അര്‍ഹനായത്. എന്റെ പ്രിയപ്പെട്ട കഥകള്‍ എന്ന സമാഹാരത്തിനാണ് പുരസ്‌കാരം. കവിതാ സമാഹാരത്തിനുള്ള പുരസ്‌കാരം കവി പ്രഭാവര്‍മ്മയുടെ ‘അപരിഗ്രഹം’ എന്ന പുസ്തകം നേടി. രാധിക സി മേനോനാണ് ബാലസാഹിത്യ കൃതിയക്കുള്ള പുരസ്‌കാരം. രാധികയുടെ ‘പണ്ട് പണ്ട് കുഴിയാനകളുടെ കാലത്ത്’ എന്ന കൃതിയാണ് പുരസ്‌കാത്തിന് അര്‍ഹമായത്.
1942ല്‍ മയ്യഴിയില്‍ ജനിച്ച എം മുകുന്ദന്‍ ദീര്‍ഘകാലം ഡല്‍ഹിയിലെ ഫ്രഞ്ച് എംബസിയില്‍ ഉദ്യോഗസ്ഥനായിരുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ഫ്രഞ്ച് ഗവണ്‍മെന്റിന്റെ ഷെവലിയര്‍ അവാര്‍ഡ് തുടങ്ങി ചെറുതും വലുതുമായ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ മുന്‍ പ്രസിഡന്റായിരുന്നു എം മുകുന്ദന്‍.
മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ദല്‍ഹി, ദല്‍ഹി ഗാഥകള്‍,ആവിലായിലെ സൂര്യോദയം, രാവും പകലും, നൃത്തം,ദൈവത്തിന്റെ വികൃതികള്‍, ഒരു ദളിത് യുവതിയുടെ കദനകഥ, കേശവന്റെ വിലാപങ്ങള്‍, പ്രവാസം,തട്ടാത്തിപ്പെണ്ണിന്റെ കല്യാണം, മുകുന്ദന്റെ കഥകള്‍ സമ്പൂര്‍ണ്ണം, കുട നന്നാക്കുന്ന ചോയി എന്നിവയാണ് എം .മുകുന്ദന്റെ ശ്രദ്ധേയമായ രചനകള്‍.
The post എസ്ബിടിയുടെ പുരസ്‌കാരം എം മുകുന്ദനും, കെ പി രാമനുണ്ണിയ്ക്കും പ്രഭാവര്‍മ്മയ്ക്കും. appeared first on DC Books.