പത്ര – ദൃശ്യ മാധ്യമരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഇന്‍ഡിവുഡ് മീഡിയ എക്‌സലന്‍സ് പുരസ്‌കാരം മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ഠാവും എഴുത്തുകാരനുമായ പ്രഭാവര്‍മയ്ക്ക്. തെലുങ്കാന സര്‍ക്കാരും ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലും സംയുക്തമായാണ് പുരസ്‌കാരം ഏര്‍പെടുത്തിയത്.
മലയാള കവിയും ചലച്ചിത്രഗാന രചയിതാവും പത്രപ്രവര്‍ത്തകനുമായ പ്രഭാവര്‍മ 1959ലാണ് ജനിച്ചത്. ചങ്ങനാശ്ശേരി എന്‍എസ്എസ് ഹിന്ദു കോളേജില്‍ നിന്ന് ആംഗലേയ സാഹിത്യത്തില്‍ ബിരുദവും മധുര കാമരാജ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് എല്‍എല്‍ബിയും കരസ്ഥമാക്കി സൗപര്‍ണിക, അര്‍ക്കപൂര്‍ണിമ, ചന്ദനനാഴി, ആര്‍ദ്രം എന്നിവയാണ് പ്രഭാവര്‍മ്മയുടെ കാവ്യസമാഹാരങ്ങള്‍. ‘പാരായണത്തിന്റെ രീതിഭേദങ്ങള്‍’ എന്ന പ്രബന്ധസമാഹാരവും ‘മലേഷ്യന്‍ ഡയറിക്കുറിപ്പുകള്‍’ എന്ന യാത്രാവിവരണവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമിയുടെ നിര്‍വാഹക സമിതി അംഗമായ പ്രഭാവര്‍മ്മയുടെ അര്‍ക്കപൂര്‍ണ്ണിമ എന്ന കവിതാസമാഹാരത്തിന് 1995 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. മലയാറ്റൂര്‍ അവാര്‍ഡ്, മഹാകവി പി പുരസ്‌കാരം, ചങ്ങമ്പുഴ അവാര്‍ഡ്, കൃഷ്ണഗീതി പുരസ്‌കാരം, വൈലോപ്പിളളി പുരസ്‌കാരം, മൂലൂര്‍ അവാര്‍ഡ്, അങ്കണം അവാര്‍ഡ്, തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
പ്രഭാവര്‍മയ്ക്ക് പുറമെ പ്രഭു ചാവ്‌ല (ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്), ഡോ. പി ജെ സുധാകര്‍ (പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ), പല്ലിശ്ശേരി (സിനിമാ മംഗളം ഇന്‍ചാര്‍ജ്) ,ബ്രഹ്മാനന്ദ റെഡ്ഡി (ടിവി 5 ന്യൂസ് ചാനല്‍), മോഹന്‍ വടയാര്‍ (ദി ഗള്‍ഫ് ടുഡെ) എന്നിവര്‍ക്കാണ് സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം ലഭിച്ചത്. തെലുങ്കാന സര്‍ക്കാരിന്റെ നികുതി വകുപ്പ് സെക്രട്ടറി നവീന്‍ മിത്തലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
The post പ്രഭാവര്‍മയ്ക്ക് ഇന്‍ഡിവുഡ് മീഡിയ പുരസ്‌കാരം appeared first on DC Books.