Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 905

വള്ളത്തോള്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

$
0
0

sreekumaran thampi
വള്ളത്തോള്‍ സാഹിത്യസമിതിയുടെ വള്ളത്തോള്‍ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്ക്. 1,11,111 രൂപയും കീര്‍ത്തിഫലകവുമാണ് പുരസ്‌കാരം. വള്ളത്തോളിന്റെ ജന്മദിനമായ ഒക്ടോബര്‍ 16ന് തിരുവനന്തപുരം തീര്‍ഥപാദമണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും.

ആര്‍.രാമചന്ദ്രന്‍ നായര്‍, പി.നാരായണക്കുറുപ്പ്, പ്രഫ. സി.ജി.രാജഗോപാല്‍, ഡോ. എ.എം.വാസുദേവന്‍ പിള്ള, ഡോ. എ.മോഹനാക്ഷന്‍ നായര്‍, ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്.

മലയാളഭാഷയുടെ മാര്‍ദ്ദവവും മനോഹാരിതയും കേരളത്തനിമയുടെ സൗരഭ്യവും സംഗീതാത്മകതയുടെ മാധുര്യവും ഒത്തുചേര്‍ന്ന ശ്രീകുമാരന്‍ തമ്പിയുടെ കവിതകള്‍ മലയാളികളുടെ ഹൃദയത്തില്‍ ശാശ്വത പ്രതിഷ്ഠ കൈവരിച്ചിട്ടുണ്ടെന്നും ചലച്ചിത്രഗാനങ്ങള്‍ സരളഭാഷയുടെ സൗകുമാര്യവും ഉദാത്ത ഭാവനയുടെ ധവളദീപ്തിയും ആവാഹിക്കുന്നതായും അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി.

1940 മാര്‍ച്ച് 16ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കളരിക്കല്‍ കൃഷ്ണപിളളയുടേയും ഭവാനിക്കുട്ടി തങ്കച്ചിയുടേയും അഞ്ചു മക്കളില്‍ മൂന്നാമനായി ശ്രീകുമാരന്‍ തമ്പി ജനിച്ചു. പഠനകാലത്തുതന്നെ സാഹിത്യപരിഷത്ത്, കൗമുദി വാരിക, ഓള്‍ ഇന്‍ഡ്യാ റേഡിയോ എന്നിവയുടെ കാവ്യരചനാമത്സരങ്ങളില്‍ സമ്മാനം നേടിയിരുന്നു. ഇരുപതാമത്തെ വയസ്സില്‍ ആദ്യത്തെ കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തി. 1966ല്‍ കോഴിക്കോട്ട് അസിസ്റ്റന്റ് ടൗണ്‍ പ്ലാനറായിരിക്കെ ഉദ്യോഗം രാജിവച്ച് പൂര്‍ണ്ണമായും കലാസാഹിത്യരംഗത്ത് മുഴുകി.

1966ല്‍ കാട്ടുമല്ലിക എന്ന ചിത്രത്തിന് ഗാനങ്ങള്‍ രചിച്ചാണ് ശ്രീകുമാരന്‍ തമ്പി സിനിമാലോകത്തത്തെിയത്. തുടര്‍ന്ന് മൂവായിരത്തിലധികം ചലച്ചിത്രഗാനങ്ങള്‍ രചിച്ച അദ്ദേഹം തോപ്പില്‍ ഭാസിക്കും എസ്.എല്‍ പുരത്തിനും ശേഷം മലയാളസിനിമക്ക് വേണ്ടി ഏറ്റവും കൂടുതല്‍ തിരക്കഥകള്‍ രചിച്ചിട്ടുള്ളയാളുമാണ്. എഴുപത്തെട്ട് ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ ശ്രീകുമാരന്‍ തമ്പി 1974ല്‍ ‘ചന്ദ്രകാന്തം’ എന്ന സിനിമയിലൂടെ സംവിധാനരംഗത്തത്തെി. മുപ്പത് ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം 22 ചലച്ചിത്രങ്ങള്‍, 6 ടെലിവിഷന്‍ പരമ്പരകള്‍ എന്നിവ നിര്‍മ്മിച്ചു.

പുത്രലാഭം. ശീര്‍ഷകമില്ലാത്ത കവിതകള്‍, അച്ഛന്റെ ചുംബനം, അമ്മയ്ക്കൊരു താരാട്ട് എന്നീ കവിതാ സമാഹരങ്ങളും കുട്ടനാട്, ഞാനൊരു കഥ പറയാം എന്നീ നോവലുകളും രചിച്ച അദ്ദേഹത്തിന്റെ സിനിമാഗാനങ്ങള്‍ സമാഹരിച്ച ഹൃദയസരസ്സ് എന്ന പുസ്തകവും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സിനിമ കണക്കും കവിതയും എന്ന ഗ്രന്ഥം മികച്ച ചലച്ചിത്രഗ്രന്ഥത്തിനുളള ദേശീയ അവാര്‍ഡു നേടിയിട്ടുണ്ട്. നിരവധി തവണ സിനിമാരംഗത്തെ വിവിധ മേഖലകളില്‍ കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം, ആശാന്‍ പുരസ്‌ക്കാരം എന്നിവ ഇദ്ദേഹത്തിനു ലഭിച്ചു നാടക ഗാനരചന, ലളിതസംഗീതം എന്നിവയിലെ സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം 2015 ല്‍ ലഭിച്ചു.

കേരള സാഹിത്യ അക്കാദമി, കേരളസംഗീതനാടക അക്കാദമി എന്നിവയുടെ ജനറല്‍ കൗണ്‍സിലിലും സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഒഫ് കോമേഴ്‌സിന്റെ ഭരണസമിതിയിലും ശ്രീകുമാരന്‍ തമ്പി അംഗമായിരുന്നിട്ടുണ്ട്. മലയാളചലച്ചിത്രപരിഷത്ത്, മലയാളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചീട്ടുണ്ട്. ദേശീയ ഫീച്ചര്‍ ഫിലിം ജൂറിയില്‍ മൂന്നു പ്രാവശ്യം അംഗമായിരുന്നു.

The post വള്ളത്തോള്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് appeared first on DC Books.


Viewing all articles
Browse latest Browse all 905

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>