മലയാളത്തിന്റെ പ്രിയകവി എ.അയ്യപ്പന്റെ ഓര്‍മ്മയ്ക്കായി അയനം സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ എട്ടാമത് അയനം-എ.അയ്യപ്പന്‍ കവിതാപുരസ്‌കാരം കവി കെ.വി ബേബിക്ക്. കെ.വി ബേബിയുടെ കവിതകള്‍ എന്ന സമാഹാരത്തിനാണ് പുരസ്‌കാരം, 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കുരീപ്പുഴ ശ്രീകുമാര്‍, കെ. ഗിരീഷ് കുമാര്‍, പി.എന്‍ ഗോപീകൃഷ്ണന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്.
വിവിധ വിധാനത്തില്‍ വര്‍ഗ്ഗീകരിക്കാവുന്ന കവിതകളാണ് കെ.വി ബേബിയുടേതെന്ന് ജൂറി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഒരു പ്രസ്ഥാനത്തിനും അടിപ്പെടാതെ സ്വന്തം വ്യക്തിത്വം കവി കവിതകളില്‍ കാത്തുസൂക്ഷിക്കുവന്നു. ലൗകികമായ ഒരനുഭവത്തിലൂടെ മനസ്സുണര്‍ത്തി അതിലേക്ക് ആത്മീയമായ ആശയം പ്രക്ഷേപിക്കുന്ന ആവിഷ്‌കാരരീതി ബേബിയുടെ കവിതകളെ സവിശേഷമാക്കുന്നുവെന്നും ജൂറി അഭിപ്രായപ്പെട്ടു. കറന്റ് ബുക്‌സാണ് കെ.വി ബേബിയുടെ കവിതകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
2018 ഡിസംബര്‍ 20-ന് വൈകിട്ട് അഞ്ച് മണിക്ക് കേരള സാഹിത്യ അക്കാദമിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍വെച്ച് കുരീപ്പുഴ ശ്രീകുമാര്‍ പുരസ്‌കാരം സമ്മാനിക്കും.