തിരുവനന്തപുരം: 2018-ലെ എഴുത്തച്ഛന്‍ പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്. അരനൂറ്റാണ്ടു കാലമായി അദ്ദേഹം മലയാളസാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയിരിക്കുന്നത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സാംസ്കാരിക മന്ത്രി എ.കെ ബാലനാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍, കെ.സച്ചിദാനന്ദന്‍, റാണി ജോര്‍ജ്, ഡോ. ജി. ബാലമോഹന്‍ തമ്പി, ഡോ.സുനില്‍ പി. ഇളയിടം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. സാഹിത്യരംഗത്ത് സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം. 2010 വരെ ഒരു ലക്ഷം രൂപയായിരുന്ന അവാര്‍ഡ് തുക 2011 മുതലാണ് ഒന്നര ലക്ഷമാക്കിയത്. 2017 മുതല്‍ അഞ്ച് ലക്ഷം രൂപയാക്കി ഉയര്‍ത്തി. 1993-ല്‍ ശൂരനാട് കുഞ്ഞന്‍പിള്ളയ്ക്കാണ് ആദ്യമായി എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചത്.
മലയാളത്തിലെ ആധുനിക സാഹിത്യകാരന്‍മാരില്‍ പ്രധാനിയായ എം. മുകുന്ദന്‍ മയ്യഴിയുടെ കഥാകാരന്‍ എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്. ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥനായും കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ദൈവത്തിന്റെ വികൃതികള്‍, ആവിലായിലെ സൂര്യോദയം, ഡല്‍ഹി, ഹരിദ്വാറില്‍ മണിമുഴങ്ങുന്നു, ആകാശത്തിനു ചുവട്ടില്‍, ആദിത്യനും രാധയും മറ്റുചിലരും, ഒരു ദളിത് യുവതിയുടെ കദന കഥ, കിളിവന്നു വിളിച്ചപ്പോള്‍, രാവും പകലും, സാവിത്രിയുടെ അരഞ്ഞാണം, കേശവന്റെ വിലാപങ്ങള്‍, നൃത്തം, പ്രവാസം, ദല്‍ഹി ഗാഥകള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
1998ല്‍ ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയര്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സ് ബഹുമതി ലഭിച്ചു. കേരള സാഹിത്യ അക്കദമി പുരസ്‌കാരവും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും നേടിയ അദ്ദേഹത്തിന് വയലാര്‍ പുരസ്‌കാരം, എം.പി.പോള്‍ പുരസ്‌കാരം, മുട്ടത്തു വര്‍ക്കി പുരസ്‌കാരം, എന്‍. വി. പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 2018-ലെ വള്ളത്തോള്‍ പുരസ്‌കാരവും എം.മുകുന്ദനായിരുന്നു.