തൃശ്ശൂര്‍: നവാഗത നോവലിസ്റ്റുകളെ സാഹിത്യലോകത്തിന് പരിചയപ്പെടുത്തുന്നതിനായി ഡി.സി ബുക്‌സ് ഏര്‍പ്പെടുത്തിയ ഡി.സി നോവല്‍ സാഹിത്യ പുരസ്‌കാരം അനില്‍ ദേവസ്സിയ്ക്ക്. അനില്‍ ദേവസ്സിയുടെ യാ ഇലാഹി ടൈംസ് എന്ന കൃതിയാണ് ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് അര്‍ഹമായിരിക്കുന്നത്. ഒരു ലക്ഷം രൂപയും ഒ.വി വിജയന്‍ രൂപകല്പന ചെയ്ത ശില്പവുമാണ് പാരിതോഷികമായി ലഭിക്കുന്നത്. തൃശ്ശൂര്‍ ചാലക്കുടി സ്വദേശിയായ അനില്‍ ദേവസ്സി ദുബായില്‍ അലന്‍പാരി കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്.
ഡി.സി ബുക്‌സിന്റെ 44-ാമത് വാര്‍ഷികാഘോഷചടങ്ങുകളുടെ ഭാഗമായി തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വെച്ച് ഇന്നലെ നടന്ന പരിപാടിയില്‍ എഴുത്തുകാരന്‍ ബെന്യാമിനാണ് വിജയിയെ പ്രഖ്യാപിച്ചത്. പ്രശസ്ത സാഹിത്യകാരന്‍ സേതു പുരസ്‌കാരം വിതരണം ചെയ്തു. അനില്‍ ദേവസ്സിയുടെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ സഹോദരനാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. മത്സരത്തിന്റെ അവസാന റൗണ്ടില്‍ ഇടം പിടിച്ച മറ്റ് നാല് പേര്‍ക്കുള്ള പുരസ്‌കാരവും ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു. ചലച്ചിത്രനടനും എഴുത്തുകാരായ വി.കെ ശ്രീരാമന്‍, എഴുത്തുകാരായ സാറാ ജോസഫ്,ഡോ. ജെ. ദേവിക, സിസ്റ്റര്‍ ജെസ്മി, ദീപാനിശാന്ത്, സംഗീത ശ്രീനിവാസന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഡി.സി ബുക്‌സ് സംഘടിപ്പിച്ച നോവല്‍ മത്സരത്തില്‍ അഞ്ച് നോവലുകളാണ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. എസ്. ഗിരീഷ് കുമാര്‍ രചിച്ച അലിംഗം, അനില്‍ ദേവസ്സി രചിച്ച യാ ഇലാഹി ടൈംസ്, ഫസീല മെഹര്‍ രചിച്ച ഖാനിത്താത്ത്, അനൂപ് ശശികുമാര്‍ രചിച്ച എട്ടാമത്തെ വെളിപാട്, അനീഷ് ഫ്രാന്‍സിസ് രചിച്ച വിഷാദവലയങ്ങള്‍ എന്നിവയായിരുന്നു അവസാന റൗണ്ടില്‍ ഇടം പിടിച്ച കൃതികള്‍. ഡി. സി ബുക്‌സ് ചുമതലപ്പെടുത്തിയിരുന്ന വിദഗ്ദ്ധ സമിതിയാണ് ഇതില്‍ നിന്നും വിജയിയെ തെരഞ്ഞെടുത്തത്.
ഒന്നാം സമ്മാനാര്‍ഹമായ കൃതിയുള്‍പ്പെടെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ അഞ്ച് നോവലുകളും ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നതാണ്.
‘അലിംഗം’ എന്ന നോവല്‍ രചിച്ച എസ്. ഗിരീഷ് കുമാര്‍ ചങ്ങനാശ്ശേരി സ്വദേശിയും തൃശൂര്‍ കേരളവര്‍മ്മ കോളെജിലെ മലയാളം അദ്ധ്യാപകനുമാണ്. 2016ല്‍ നിരൂപണത്തിനുള്ള ഇടശ്ശേരി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ‘ഖാനിത്താത്തി’ന്റെ കര്‍ത്താവായ ഫസീല മെഹര്‍ വയനാട് ജില്ലയിലെ പുല്‍പ്പള്ളി സ്വദേശിയാണ്. കിര്‍ത്താഡ്‌സ് പഠനവകുപ്പില്‍ പ്രൊജക്ട് ഫെല്ലോ ആയി പ്രവര്‍ത്തിക്കുന്ന ഫസീലയ്ക്ക് 2009ല്‍ കഥാവിഭാഗത്തില്‍ കുട്ടേട്ടന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ‘എട്ടാമത്തെ വെളിപാട്’ രചിച്ച അനൂപ് ശശികുമാര്‍ കോട്ടയം പെരുവ സ്വദേശിയും ഇക്കണോമിക്‌സ് അധ്യാപകനുമാണ്. ‘വിഷാദവലയങ്ങളു’ടെ കര്‍ത്താവായ അനീഷ് ഫ്രാന്‍സിസ് കാഞ്ഞിരപ്പിള്ളി സ്വദേശിയും വൈദ്യുതവകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയറുമാണ്. ഒരു കഥാസമാഹാരം മുമ്പു പ്രസിദ്ധീകരിച്ചിട്ടുണ്ട്.