കണ്ണൂര്‍: ശ്രീകണ്ഠപുരം മുത്തപ്പന്‍ ക്ഷേത്രപരിസരത്തെ സാഹിത്യ കൂട്ടായ്മയായ സാഹിത്യതീരത്തിന്റെ കഥാപുരസ്‌ക്കാരം സമകാലിക മലയാള ചെറുകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ ഫ്രാന്‍സിസ് നൊറോണയ്ക്ക്. ഫ്രാന്‍സിസ് നൊറോണയുടെ തൊട്ടപ്പന്‍ എന്ന ചെറുകഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 1974-ല്‍ വാഹനാപകടത്തില്‍ മരിച്ച യുവഎഴുത്തുകാരന്‍ സാഹിദ് ചെങ്ങളായിയുടെ ഓര്‍മ്മക്കായി ചെങ്ങളായി ഗ്രാമോദ്ധാരണ വായനശാല ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരം. 10,001 രൂപയും പ്രശസ്തിപത്രവും എബി എന്‍. ജോസഫ് വരച്ച ചിത്രവുടങ്ങിയ പുരസ്‌കാരം നവംബര്‍ 18ന് സാഹിത്യ തീരം വാര്‍ഷികാഘോഷ വേളയില്‍ സമ്മാനിക്കുമെന്ന് ജൂറി ചെയര്‍മാന്‍ വി.എസ്. അനില്‍കുമാര്‍, ബഷീര്‍ പെരുവളത്തുപറമ്പ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എഴുത്തില്‍ തന്റെതായ വഴി തുറന്ന്, വായനയുടെ പുതുലോകത്തേക്ക് അനുവാചകരെ കൂട്ടികൊണ്ടു പോകുന്ന രചനകളാണ് തൊട്ടപ്പന്‍ എന്ന കഥാസമാഹാരത്തിലൂടെ ഫ്രാന്‍സിസ് നെറോണ മലയാള സാഹിത്യത്തിന് നല്‍കിയിരിക്കുന്നതെന്ന് ജൂറിയംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഡി.സി ബുക്‌സാണ് തൊട്ടപ്പന്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.