ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ജാസ്മിന്‍ ഡെയ്‌സ് എന്ന കൃതിയാണ് ഈ പുരസ്‌കാരത്തിന് അര്‍ഹമായത്. 25 ലക്ഷം രൂപയാണ് പുരസ്‌കാരതുക. ദില്ലിയില്‍ ഇന്നലെ നടന്ന ചടങ്ങില്‍ ജെ.സി.ബി ചെയര്‍മാന്‍ ലോര്‍ഡ് ബാംഫോര്‍ഡ് പുരസ്‌കാരം സമ്മാനിച്ചു.
ജെ.സി.ബി ലിറ്റററി ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരമാണ് ബുധനാഴ്ച പ്രഖ്യാപിച്ചത്. ഇന്ത്യാക്കാര്‍ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. അമേരിക്കയിലെ ബേ പാത്ത് സര്‍വ്വകലാശാലയില്‍ അധ്യാപികയായ ഷഹനാസ് ഹബീബാണ് ഈ കൃതി വിവര്‍ത്തനം ചെയ്തത്. ഇവര്‍ക്ക് പുരസ്‌കാരതുകയായി അഞ്ച് ലക്ഷം രൂപ ലഭിക്കും. അറേബ്യന്‍ നാടുകളിലെ മുല്ലപ്പൂ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ടിരിക്കുന്ന മുല്ലപ്പൂ നിറമുള്ള പകലുകള്‍ മലയാളത്തില്‍ ഏറെ ശ്രദ്ധ നേടിയ കൃതിയാണ്.
Benyamin wins the first JCB Prize for Literature with Jasmine Days translated by Shahnaz Habib. #JCBPrizeWinner pic.twitter.com/l0pLrHItWA
— The JCB Prize for Literature (@TheJCBPrize) October 24, 2018
അഞ്ച് കൃതികള്‍ അവസാനഘട്ട മത്സരത്തില്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിരുന്നു. ഇതില്‍ നിന്നാണ് മുല്ലപ്പൂ നിറമുള്ള പകലുകള്‍ മികച്ച കൃതിയായി തെരഞ്ഞെടുത്തത്. പെരുമാള്‍ മുരുകന്റെ പൂനാച്ചി, ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരന്‍ ജീത് തയ്യിലിന്റെ ദി ബുക്ക് ഓഫ് ചോക്ലേറ്റ് സെയ്ന്റ്‌സ്, അമിതാഭ ബാഗ്ചിയുടെ ഹാഫ് ദി നൈറ്റ് ഈസ് ഗോണ്‍, അനുരാധ റോയിയുടെ ഓള്‍ ദി ലിവ്‌സ് വി നെവന്‍ ലിവ്ഡ് എന്നിവയായിരുന്നു മറ്റു കൃതികള്‍. ഇവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ലഭിക്കും.
മലയാള ഭാഷയ്ക്കു ലഭിച്ച ബഹുമതിയായാണ് ഈ പുരസ്‌കാരത്തെ കാണുന്നതെന്ന് ബെന്യാമിന്‍ പ്രതികരിച്ചു. പ്രശസ്ത സംവിധായിക ദീപാ മേത്ത, എഴുത്തുകാരന്‍ വിവേക് ഷാന്‍ബാഗ്, റോഹന്‍ മൂര്‍ത്തി, പ്രിയംവദ നടരാജന്‍, അര്‍ഷിയ സത്താര്‍ എന്നിവരായിരുന്നു പുരസ്‌കാര നിര്‍ണ്ണയ സമിതി അംഗങ്ങള്‍. പൂര്‍ണ്ണമായും ഇന്ത്യന്‍ എഴുത്തുകാരെ കണ്ടെത്തുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് ഈ പുരസ്‌കാരം നല്‍കുന്നതെന്ന് സമിതി അംഗങ്ങള്‍ പറഞ്ഞു.
R. Sivapriya, Benyamin, Rana Dasgupta and Lord Bamford on stage. #JCBPrizeWinner pic.twitter.com/xKxVYysSUW
— The JCB Prize for Literature (@TheJCBPrize) October 24, 2018