കവിയും അദ്ധ്യാപകനും വിവര്‍ത്തകനുയമായിരുന്ന പ്രൊഫ.കെ.വി. തമ്പിയുടെ സ്മരണാര്‍ത്ഥം പ്രൊഫ.കെ.വി. തമ്പി സ്മാരക സാഹിത്യ സമിതി ഏര്‍പ്പെടുത്തിയ 2017ലെ സാഹിത്യ പുരസ്‌കാരം കവി സെബാസ്റ്റ്യന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രതിശരീരം എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം.
ഡോ.പ്രസന്നരാജന്, ഡോ.ആര്.സുനില് കുമാര്, ഡോ.സ്റ്റീഫന് എന്നിവരടങ്ങുന്ന സമിതിയാണ് പുസ്തകം തെരഞ്ഞെടുത്തത്. 15001 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന പുരസ്‌കാരം ജനുവരി അവസാന വാരം പത്തനംതിട്ടയില് നടക്കുന്ന സമ്മേളനത്തില് വച്ച് നല്കും.
ഉത്തരാധുനിക സാഹിത്യ ഭാവുകത്വത്തിന്റെപൂര്‍ണത സെബാസ്റ്റ്യന്റെ കവിതകളില് കാണാം. കൊടുങ്ങല്ലൂര് സ്വദേശിയാണ്. പി.സ്മാരക ട്രസ്റ്റ് പുരസ്‌കാരം, മുല്ലനേഴി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുള്ള സെബാസ്റ്റ്യന്റെ കവിതകള് കേരള, എം.ജി, കാലിക്കറ്റ്, മലയാള സര്വകലാശാലകളുടെല്‍ പാഠ്യപദ്ധതിയിലുണ്ട്.
ഉത്തരാധുനിക മൂല്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് സെബാസ്റ്റ്യന്‍ രചിച്ച കവിതകളുടെ സമാഹാരമാണ് പ്രതിശരീരം. പരിചിതമായ ഒരു നഗരത്തിലേക്ക് സെബാസ്റ്റ്യന്‍ നല്‍കുന്ന ക്ഷണപത്രമാണ് പ്രതി ശരീരം. കണ്‍കോണില്‍പ്പെടുന്ന ക്ഷണിക വസ്തുക്കളെ കവിതയില്‍ വിന്യസിപ്പിച്ചുകൊണ്ട്, അവയുടെ ദിങ്മാത്രദര്‍ശനങ്ങളിലൂടെ പുതിയലോകത്തിന്റെ, നഗരത്തിന്റെ ശിഥിലസ്വഭാവം വെളിപ്പെടുത്താന്‍ പ്രതിശരീരത്തിലെ കവിതകള്‍ ശ്രമിക്കുന്നു. മാത്രമല്ല പ്രതിശരീരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 51 കവിതളും സാഹിത്യചരിത്രപരമായ സാങ്കേതിക സൂക്ഷമതയില്‍ പരിശോധിച്ചാല്‍ നിത്യജീവിതത്തില്‍ എന്നല്ല ഭിന്നരാഷ്ടീയത്തിന്റെയും കവിതകളാണ് എന്നുതോന്നും. അതുകൊണ്ടുതന്നെ ഈ കവിതകളെ ഉത്തരാധുനിക കവിതകളുടെ മാതൃകകളിലൊന്നക്കിമാറ്റാം.
വളരെ സരളമായ ഭാഷയില്‍ സാധാരണക്കാര്‍ക്കുപോലും ഗ്രഹിക്കത്തക്ക വിധത്തിലാണ് സെബാസ്റ്റ്യന്‍ പ്രതിശരീരത്തി കവിതകളെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിശാലമായ ഒരു നഗരം അതില്‍ ട്രഫിക് സിഗ്നല്‍, ബസ്സ്, ആക്രിക്കട, ഹൈവേ, റോഡ്, ട്രാഫിക്ജാം, തട്ടുകട, ചായക്കട, അങ്ങാടി, തീവണ്ടിയാപ്പീസ്, ആശുപത്രി, പൈപ്പിന്‍ചുവട്, മാള്‍, ജങ്ഷന്‍ എന്നിവിടങ്ങളിലൂടെയുള്ള സഞ്ചാരത്തിന്റെ രൂപത്തിത്തിലാണ് പ്രതി ശരീരത്തിലെ മിക്ക കവിതകളുടേയും ആഖ്യാനം. അങ്ങനെ ഭാഷയില്‍ നിര്‍മ്മിച്ച ഒരു നഗരത്തിലൂടെയുള്ള സഞ്ചാരം ഏതൊരുവായനക്കാരനേയും നിത്യജീവിതാനുഭവത്തിലേക്ക് നയിക്കും. അത്തരമൊരു മാജികാണ് സെബാസ്റ്റ്യന്‍ തന്റെ കാവ്യലോകത്തില്‍ തീര്‍ത്തിരിക്കുന്നത്.