ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെ പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം എന്ന നോവലിന് ലഭിച്ചു. ഡി സി ബുക്‌സാണ് നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. 2018 ഫെബ്രുവരി 12 ന് നടക്കുന്ന ചടങ്ങില്‍ രാമനുണ്ണി പുരസ്‌കാരം ഏറ്റുവാങ്ങും.
പ്രഭാവര്‍മ്മ, അജയപുരം ജ്യോതിഷ്‌കുമാര്‍, എന്‍.അജിത് കുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്.
വിവര്‍ത്തനത്തിനുള്ള കേന്ദ്രപുരസ്‌കാരം കെ എസ് വെങ്കിടാചലത്തിന് ലഭിച്ചു. തമിഴ് സാഹിത്യകാരന്‍ ജയകാന്തന്റെ തിരഞ്ഞെടുത്ത ചെറുകഥകളുടെ വിവര്‍ത്തനത്തിനാണ് പുരസ്‌കാരം. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് വെങ്കിടാചലത്തിനുള്ള പുരസ്‌കാരം. ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം വിവര്‍ത്തനം ചെയ്ത യുമി വാസുകി മികച്ച തമിഴ് വിവര്‍ത്തനത്തിനുള്ള പുരസ്‌കാരം നേടി.
കഥ, കവിത, നോവല്‍, വിവര്‍ത്തനം, സാഹിത്യനിരൂപണം എന്നിവ ഉള്‍പ്പെടെ 24 ഭാഷയിലെ പുസ്തകങ്ങൾക്കാണ് കേന്ദ്രസാഹിത്യ അക്കമാദി പുരസ്‌കാരം പ്രഖ്യാപിച്ചത്.