മലയാളത്തിന്റെ പ്രിയകവി എ അയ്യപ്പന്റെ ഓര്‍മ്മയ്ക്കായി അയനം സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ അയനം-എ അയ്യപ്പന്‍ കവിതാപുരസ്‌കാരം കുരീപ്പുഴ ശ്രീകുമാറിന്. ‘ഉപ്പ ‘എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. ബാലചന്ദ്രന്‍ വടക്കേടത്ത് ചെയര്‍മാനും ഡോ എം എന്‍ വിനയകുമാര്‍, ഡോ ആര്‍ ശ്രീലതാവര്‍മ്മ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരത്തിനര്‍ഹമായ കൃതി തിരഞ്ഞെടുത്തത്.
മലയാള കവിതയെ സര്‍ഗ്ഗാത്മ രാഷട്രീയാനുഭവമാക്കി മാറ്റിയ, സൗന്ദര്യാത്മകമായി പുതുക്കിപ്പണിത, ആഴത്തില്‍ ചരിത്രവത്ക്കരിച്ച കവിയാണ് കുരീപ്പഴ ശ്രീകുമാറെന്ന് പുരസ്‌കാര ജൂറി അഭിപ്രായപ്പെട്ടു. ആഗോളതയ്ക്കും ഹിംസയ്ക്കും വരേണ്യതയ്ക്കും വര്‍ഗ്ഗീയതയ്ക്കുമെതിരായ സാധാരണ ജനതയുടെ ആത്മരോക്ഷത്തിന്റെ പൊട്ടിത്തെറി കുരീപ്പുഴക്കവിതകളില്‍ തൊട്ടറിയാം. മാതൃകാപരമായ മതേതരദര്‍ശനവും വിട്ടുവീഴ്ചയില്ലാത്ത യുക്തിചിന്തയും മാനവികമായ ശാസ്ത്രബോധവും വെട്ടിത്തിളങ്ങുന്നുണ്ട് കുരീപ്പുഴയുടെ കവിതകളില്‍. കീഴാളസ്വത്വമുദ്രകളും ദേശത്തനിമകളും തുടിച്ചുനില്‍ക്കുന്ന കവിതകളിലൂടെ കുരീപ്പുഴ കേരളീയ സംസ്‌കാരത്തെ പുനര്‍നിര്‍വചിക്കുന്നു. നാഗരികപരിഷ്‌കൃതിയെ വിചാരണാത്മകമായി അഴിച്ചുപണിയുന്നു. ജനകീയകാവ്യപാരമ്പര്യത്തിന് നീരൊഴുക്കുള്ള തുടര്‍ച്ചകള്‍ നല്‍കി അരനൂറ്റാണ്ടോളമായി കുരീപ്പുഴ എന്ന സ്‌നേഹനദി പ്രവഹിക്കുന്നുവെന്നും ജൂറി അഭിപ്രായപ്പെട്ടു.
ഡിസംബര്‍ 21 ന് കേരള സാഹിത്യ അക്കാദമിയില്‍വെച്ച് പുരസ്‌കാരം സമ്മാനിക്കും.