ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് കവി കെ. സച്ചിദാനന്ദന്‍ അര്‍ഹനായി. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങിയതാണ് പുരസ്‌കാരം. കവി, നാടകകൃത്ത്, വിവര്‍ത്തകന്‍ തുടങ്ങിയമേഖലകളിലായി മലയാളത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. തിരുവനന്തപുരത്ത് സാംസ്‌കാരിക മന്ത്രി എ.കെ. ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
അവാര്‍ഡ് തുക ഒന്നര ലക്ഷത്തില്‍ നിന്നും അഞ്ചു ലക്ഷമായി കൂട്ടുകയായിരുന്നു. 2010 വരെ ഒരു ലക്ഷം രൂപയായിരുന്ന അവാര്‍ഡ് തുക 2011 മുതലാണ് ഒന്നര ലക്ഷമാക്കിയത്.
1946 മെയ് 25ന് തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ പുല്ലൂറ്റ് ഗ്രാമത്തിലാണ് കെ സച്ചിദാനന്ദന്‍ ജനിച്ചത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു. പിന്നീട് സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണമായ ‘ഇന്ത്യന്‍ ലിറ്ററേച്ച’റിന്റെ എഡിറ്ററായി. 1996 മുതല്‍ 2006 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ഭാരതീയ കവിതയെ പ്രതിനിധാനം ചെയ്ത് വാല്മീകി കാവ്യോത്സവം (ഡല്‍ഹി), സരായെവോ കാവ്യോത്സവം (യുഗോസ്ലോവിയ), ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ, ഏഷ്യന്‍ കാവ്യോത്സവം (ഭോപ്പാല്‍) എന്നിവയില്‍ പങ്കെടുത്തു. 1987ല്‍ ഭോപ്പാലില്‍ നടന്ന ‘കവിഭാരതി’യില്‍ മലയാളത്തെ പ്രതിനിധീകരിച്ചു. 2016ല്‍ ഡി സി ബുക്‌സ് കോഴിക്കോട് സംഘടിപ്പിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഡയറക്ടറായിരുന്നു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ മഹാകവി പി. സ്മാരക അവാര്‍ഡ്, മദ്ധ്യപ്രദേശ് ഭാരത് ഭവന്റെ ശ്രീകാന്ത്‌വര്‍മ ഫെല്ലോഷിപ്പ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അസഹിഷ്ണുതയുടെ പേരില്‍ ഇന്ത്യയില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കാളിയാവുകയും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കുകയും ചെയ്തു.