സാമൂഹികസാംസ്‌കാരികപ്രവര്‍ത്തകര്‍ സാഹിത്യകാരന്മാര്‍ തുടങ്ങിയവര്‍ക്ക് നല്‍കിവരുന്ന അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ശക്തി ടി കെ രാമകൃഷ്ണന്‍ പുരസ്‌കാരത്തിന് കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിതത്തിനെതിരായ പോരാട്ടത്തിന് തുടക്കംകുറിച്ച സാമൂഹ്യപ്രവര്‍ത്തക എം ലീലാകുമാരിയമ്മ അര്‍ഹയായി. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.
വിവിധ സാഹിത്യശാഖകളില്‍, ടി ഡി രാമകൃഷ്ണന്‍ (സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി -നോവല്‍), സി പി അബൂബക്കര്‍ (നദികള്‍ ഒഴുകാത്തത് – കവിത), സുനില്‍ കെ ചെറിയാന്‍ (ഈ ചൂട്ടൊന്ന് കത്തിച്ചുതര്വോ-നാടകം), അഷ്ടമൂര്‍ത്തി (അവസാനത്തെ ശില്‍പ്പം- ചെറുകഥ), നീലന്‍ (സിനിമ, സ്വപ്നം ജീവിതം -വിജ്ഞാനസാഹിത്യം), ഡോ. രാധിക സി നായര്‍ (ബാലസാഹിത്യം) എന്നിവര്‍ അവാര്‍ഡ് നേടി.
സാഹിത്യനിരൂപണത്തിനുള്ള ശക്തിതായാട്ട് ശങ്കരന്‍ അവാര്‍ഡ് ഡോ. കെ എം അനിലിന്റെ ‘പാന്ഥരും വഴിയമ്പലങ്ങളും’ എന്ന കൃതിക്ക് ലഭിച്ചു. കെ എം ലെനിന്റെ ‘എ കെ ജി എന്ന ജനനായകന്‍’ ഇതര സാഹിത്യത്തിനുള്ള ശക്തിഎരുമേലി പരമേശ്വരന്‍പിള്ള അവാര്‍ഡ് കരസ്ഥമാക്കി. എം കൃഷ്ണന്‍കുട്ടിയുടെ ‘ചുവന്ന സൂര്യന്‍’ എന്ന കവിതാസമാഹാരം പ്രത്യേക പുരസ്‌കാരം നേടി.
സാഹിത്യവിഭാഗങ്ങള്‍ക്ക് 15,000 രൂപ വീതവും ബാലസാഹിത്യത്തിന് 10,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ആഗസ്റ്റ് മാസം
കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണംചെയ്യും.