മികച്ച നോവലിനുള്ള ദേശാഭിമാനി സാഹിത്യപുരസ്‌കാരം എം മുകുന്ദന്റെ കുട നന്നാക്കുന്ന ചോയിക്ക് ലഭിച്ചു. ദേശാഭിമാനി പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചാണ് മലയാള സാഹിത്യശാഖകളിലെ മികച്ച കൃതികള്‍ക്കുള്ള പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. മികച്ച ചെറുകഥാസമാഹാരമായി ‘അയ്മനം ജോണിന്റെ കഥകളും’, മികച്ച കവിതാ സമാഹാരമായി കെ വി രാമകൃഷ്ണന്റെ കാലസാക്ഷികളും ഇതര സാഹിത്യമേഖലയില്‍നിന്ന് ഡോ. ടി ആര്‍ രാഘവന്റെ ഇന്ത്യന്‍ കപ്പലോട്ടത്തിന്റെ ചരിത്രവും തിരഞ്ഞെടുത്തു.
ഒരുലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും ഫലകവുമാണ് ഓരോവിഭാഗത്തിലും നല്‍കുന്ന പുരസ്‌കാരം. സി വി ബാലകൃഷ്ണന്‍, കെ പി മോഹനന്‍, പി കെ ഹരികുമാര്‍ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് മികച്ച നോവല്‍ തിരഞ്ഞെടുത്തത്.
മയ്യഴിയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട മറ്റൊരു ഇതിഹാസംതന്നയാണ് കുട നന്നാക്കുന്ന ചോയി. ഒരു ഗ്രാമത്തെയാകെ ആകാംക്ഷയിലാഴ്ത്തിയ ലക്കോട്ടിലെ രഹസ്യം തേടിയാണ് കുട നന്നാക്കുന്ന ചോയി വികസിക്കുന്നത്. കറ തീര്‍ന്ന ദേശസ്‌നേഹത്തെപ്പോലും കാവിവത്കരിക്കുന്ന സമകാലീന ഇന്ത്യയുടെ കഥ പറയുന്ന നോവല്‍ അക്ഷരമണ്ഡലം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിച്ചത്. കേന്ദ്രകേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, മാതൃഭൂമി പുരസ്‌കാരം, ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയര്‍ ഓഫ് ആര്‍ട്‌സ് ആന്റ് ലെറ്റേഴ്‌സ് ബഹുമതി, വയലാര്‍ പുരസ്‌കാരം, എം പി പോള്‍ അവാര്‍ഡ്, എന്‍ വി പുരസ്‌കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ് തുടങ്ങി ഒട്ടനവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള എം.മുകുന്ദന്റെ ഏഴോളം രചനകള്‍ മറ്റ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
സുഗതകുമാരി, ആറ്റൂര്‍ രവിവര്‍മ, ഏഴാച്ചേരി രാമചന്ദ്രന്‍ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് കെ വി രാമകൃഷ്ണന്റെ കാലസാക്ഷികള്‍ മികച്ച കവിതാസമാഹാരമായി തിരഞ്ഞെടുത്തത്. സക്കറിയ, മ്യൂസ്‌മേരി ജോര്‍ജ്, ഇ പി രാജഗോപാല്‍ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് ‘അയ്മനം ജോണിന്റെ കഥകള്‍’ മികച്ച സമാഹാരമായി തിരഞ്ഞെടുത്തത്. 43 കഥകളുടെ സമാഹാരമാണിത്. മലയാളം സര്‍വകലാശാല വൈസ്ചാന്‍സലര്‍ കെ ജയകുമാര്‍, ഡോ. കെ എന്‍ ഗണേഷ്, ദേശാഭിമാനി വാരിക പത്രാധിപര്‍ സി പി അബൂബക്കര്‍ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് ഇതരസാഹിത്യമേഖലയിലെ അവാര്‍ഡിനായി ഡോ. ടി ആര്‍ രാഘവന്റെ ഇന്ത്യന്‍ കപ്പലോട്ടത്തിന്റെ ചരിത്രം തിരഞ്ഞെടുത്തത്.
ദേശാഭിമാനി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തൃശൂരില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ അവാര്‍ഡ് വിതരണം ചെയ്യും. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സാമൂഹ്യസാംസ്‌കാരികസാഹിത്യ മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള പ്രഥമ ദേശാഭിമാനി പുരസ്‌കാരം ജ്ഞാനപീഠ ജേതാവ് എം ടി വാസുദേവന്‍ നായര്‍ക്കാണ് സമ്മാനിച്ചത്.