സൗദി മലയാളി സമാജം ഏര്‍പ്പെടുത്തിയ പ്രഥമ സദ്ഭാവനാ പുരസ്‌കാരം എഴുത്തുകാരന്‍ കെ പി രാമനുണ്ണിക്ക്. അദ്ദേഹത്തിന്റെ ദൈവത്തിന്റെ പുസ്തകം എന്ന കൃതിക്കാണ് പുരസ്‌കാരം. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
കവി സച്ചിദാനന്ദന്‍, എഴുത്തുകാരനും നിരൂപകനുമായ ഡോ കെ എം അനില്‍, നോവലിസ്റ്റും കവിയുമായ സുകുമാര്‍ കക്കാട്, കഥാകൃത്തും മലയാളിസമാജം ചെയര്‍മാനുമായ അബു ഇരിങ്ങാട്ടിരി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരത്തിനായി കെ പി രാമനുണ്ണിയെ തിരഞ്ഞെടുത്തത്.
ആഗസ്റ്റില്‍ കോഴിക്കോട് നടക്കുന്ന സാഹിത്യ സെമിനാറില്‍ പുരസ്‌കാരം സമ്മാനിക്കും. കാലം തേടുന്ന നന്മകളെ പ്രസരിപ്പിക്കുന്ന കൃതിയ്ക്കാണ് എല്ലാവര്‍ഷവും സദ്ഭാവനാപുരസ്‌കാരം നല്‍കുന്നത്.
മതത്തിന്റെ പേരിലുള്ള പോരിനും വിഭാഗീയതയ്ക്കും എതിരായ ശക്തമായ ചിന്തകളാണ് കെ പി രാമനുണ്ണിയുടെദൈവത്തിന്റെ പുസ്തകം. കൃഷ്ണനും ക്രിസ്തുവും നബിയും സഹോദര തുല്യരായി ഇഴുകിച്ചേർന്നുള്ള പുസ്തകത്തിലെ സീൻ മതത്തിന്റെ അതിർ വരമ്പുകൾ തകർക്കുന്നവയാണ്. കൃഷ്ണൻ മുഹമ്മദിനെ മുത്തേ എന്നും മുഹമ്മദ് കൃഷ്ണനെ ഇക്കായെന്നും വിളിക്കുന്നത് സ്നേഹത്തിന്റെ ഒരുമയുടെ ഗൃഹാതുരതയുടെ സന്ദേശമാണ് വായനക്കാർക്ക് നൽകുന്നത്.