കർണാടക സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടിയും കഥകളി കലാകാരൻ കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താനും കേന്ദ്ര സംഗീതനാടക അക്കാഡമി അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടു. ആകെ 43 പേർക്കാണ് 2016ലെ കേന്ദ്ര സംഗീത നാടക അക്കാഡമി അവാർഡ് പ്രഖ്യാപിച്ചിട്ടുള്ളത്. ജെ. വൈദ്യനാഥൻ (മൃദംഗം), നീല രാംഗോപാൽ (കർണാടക സംഗീതം), ഗീത ചന്ദ്രൻ (ഭരതനാട്യം), വി. ഗിരീശൻ (നാടകം) എന്നിവരും പട്ടികയിലുണ്ട്. ഒരു ലക്ഷം രൂപയും താമ്രപത്രവും അംഗപത്രവും അടങ്ങുന്നതാണ് പുരസ്കാരം. അരവിന്ദ് പരീഖ്, ആർ. വേദവല്ലി, രാംഗോപാൽബജാജ്, സുനിൽ കോത്താരി എന്നിവർക്ക് അക്കാഡമി ഫെലോഷിപ്പ് നൽകും. ഫെലോഷിപ്പിന് അർഹരായവർക്ക് മൂന്ന് ലക്ഷം രൂപയാണ് സമ്മാനിക്കുക.
ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്കാരത്തിന് കലാമണ്ഡലം രിജത രവി (മോഹിനിയാട്ടം) തിരഞ്ഞെടുക്കപ്പെട്ടു. കർണാടക സംഗീതജ്ഞരായ തൃശൂർ ബ്രദേഴ്സ് ശ്രീകൃഷ്ണ മോഹൻ-രാംകുമാർ മോഹൻ, കെ.ജെ. കൃഷ്ണേന്ദു (കൂടിയാട്ടം), എസ്. ഗോപി, രാജിവ് പുലവർ (പാവക്കൂത്ത്) എന്നിവരും യുവപുരസ്കാര പട്ടികയിലുണ്ട്. ആകെ 33 പേർക്കാണ് യുവ പുരസ്കാരം നൽകുക. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് യുവ പുരസ്കാരം.