ഏറ്റവും മികച്ച മലയാള സിനിമയ്ക്കുള്ള പത്തൊമ്പതാമത് ജോൺ എബ്രഹാം അവാർഡ് സമർപ്പണവും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ – കേരളം ഘടകത്തിന്റെ മുഖ പത്രമായ ദൃശ്യതാളത്തിന്റെ പ്രകാശനവും മെയ് 31 ന് വൈകീട്ട് കോഴിക്കോട് നടക്കും. ഏറ്റവും മികച്ച സിനിമയുടെ സംവിധായകനായ ഒറ്റയാൾ പാതയുടെ സംവിധായകൻ സന്തോഷ് ബാബുസേനനും , സതീഷ് ബാബുസേനനും ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ച മാൻഹോളിന്റെ സംവിധായിക വിധു വിൻസെന്റുമാണ് അവാർഡ് ജേതാക്കൾ. ചലച്ചിത്രകാരൻ ടി വി ചന്ദ്രൻ പുരസ്‌കാര സമർപ്പണം നടത്തും. മികച്ച സംവിധായകർക്ക് ലഭിക്കുന്നത് ഒരു ലക്ഷം രൂപയും ശിൽപവും ആണ്.വിധുവിന് ശിൽപം സമ്മാനിക്കും.
കോഴിക്കോട് ടൗൺ ഹാളിൽ വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങ് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിക്കും. ചലച്ചിത്ര സംവിധായകൻ കമൽ ദൃശ്യതാളം പ്രകാശനം ചെയ്യും. ജൂറി അംഗവും സംവിധായികയുമായ ശ്രീബാല കെ മേനോൻ , സന്തോഷ് ബാബുസേനൻ , വിധു വിൻസെന്റ് എന്നിവർ സംസാരിക്കും.
പരിപാടിയോടനുബന്ധിച്ച് അവാർഡിന് അർഹമായ ‘ഒറ്റയാൾപാത’ യുടെ പ്രദർശനവും നടക്കും.