കേരള സംഗീതനാടക അക്കാദമി 2016ലെ പ്രൊഫഷണല്‍ നാടക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വള്ളുവനാട് കൃഷ്ണ കലാനിലയത്തിന്റെ ‘വെയില്‍’ ആണ് മികച്ച നാടകം. ഈ നാടകത്തിന്റെ സംവിധാനത്തിനും മികച്ച ദീപസംവിധാനത്തിനുമുള്ള അവാര്‍ഡുകള്‍ക്ക് രാജേഷ് ഇരുളം അര്‍ഹനായി. വെയില്‍ രചിച്ച ഹേമന്ദ്കുമാറാണ് മികച്ച രചയിതാവ്. ജൂണ്‍ പത്തിന് തൃശൂര്‍ സംഗീത നാടക അക്കാദമി കെ ടി മുഹമ്മദ് തിയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മികച്ച നാടകത്തിന് ശില്‍പ്പവും പ്രശംസാപത്രവും 50,000 രൂപയും. മികച്ച സംവിധായകനും രചയിതാവിനും ശില്‍പ്പവും പ്രശംസാപത്രവും 30,000 രൂപയുമാണ് നല്‍കുക. ദീപസംവിധാനത്തിന് ശില്‍പ്പവും പ്രശംസാപത്രവും 15,000 രൂപയും നല്‍കും.
മറ്റ് അവാര്‍ഡുകള്‍: മികച്ച നടന്‍ തൃശൂര്‍ ശശാങ്കന്‍(അതൊരു കഥയാണ്). മികച്ച നടി ജൂലി ബിനു(മധുരനൊമ്പരപ്പൊട്ട്, ഇരുവര്‍ക്കും ശില്‍പ്പവും പ്രശംസാപത്രവും 25,000 രൂപയും). മികച്ച ഗാനരചയിതാവ് കരിവളളൂര്‍ മുരളി(അടിയത്തമ്പ്രാട്ടി, ശില്‍പ്പവും പ്രശംസാപത്രവും 15,000 രൂപയും). മികച്ച സംഗീത സംവിധായകന്‍ അനില്‍ മാള(വെയില്‍, ശില്‍പ്പവും പ്രശംസാപത്രവും 15,000 രൂപയും). മികച്ച ഗായകന്‍ ടി കെ സന്തോഷ്കുമാര്‍(അതൊരു കഥയാണ്, മികച്ച ഗായിക ടി കെ ശുഭ(കുടുംബനാഥന്റെ ശ്രദ്ധയ്ക്ക-ഇരുവര്‍ക്കും ശില്‍പ്പവും പ്രശംസാപത്രവും 10,000 രൂപയും). മികച്ച രംഗപട സംവിധായകന്‍ സാംകുട്ടി പട്ടങ്കരി(മായാദര്‍പ്പണ്‍, ശില്‍പ്പവും പ്രശംസാപത്രവും 20,000 രൂപയും). മികച്ച വസ്ത്രാലങ്കാരം ജയിംസ് ചങ്ങനാശേരി(വെയില്‍, ശില്‍പ്പവും പ്രശംസാപത്രവും 15,000 രൂപയും).
സ്പെഷ്യല്‍ ജൂറി അവാര്‍ഡ്- മായാദര്‍പ്പണ്‍( കൊല്ലം കാളിദാസകലാകേന്ദ്രം, ശില്‍പ്പവും പ്രശംസാപത്രവും 10,000 രൂപയും). മികച്ച രണ്ടാമത്തെ നാടകത്തിനുള്ള പുരസ്കാരം രണ്ട് നാടകങ്ങള്‍ പങ്കിട്ടു- അതൊരു കഥയാണ്(തിരുവനന്തപുരം ആരാധന), മധുരനൊമ്പരപ്പൊട്ട്(പാലാ കമ്യൂണിക്കേഷന്‍സ്, ശില്‍പ്പവും പ്രശംസാപത്രവും 30,000 രൂപയുമാണ് പുരസ്കാരം). മികച്ച രണ്ടാമത്തെ സംവിധായകന്‍- വത്സന്‍ നിസരി (മധുരനൊമ്പരപ്പൊട്ട്, ശില്‍പ്പവും പ്രശംസാപത്രവും 20,000 രൂപയും). മികച്ച രണ്ടാമത്തെ നാടകകൃത്ത്- മുഹാദ് വെമ്പായം(അതൊരു കഥയാണ്, ശില്‍പ്പവും പ്രശംസാപത്രവും 20,000 രൂപയും). മികച്ച രണ്ടാമത്തെ നടന്‍- സരസന്‍(നക്ഷത്രങ്ങള്‍ പറയാതിരുന്നത്, ശില്‍പ്പവും പ്രശംസാപത്രവും 15,000 രൂപയും). മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരവും രണ്ടുപേര്‍ പങ്കിട്ടു- സൂസന്‍ ഉഷാധരന്‍(വെയില്‍), മീനാക്ഷി ആദിത്യ(മായാദര്‍പ്പണ്‍, ശില്‍പ്പവും പ്രശംസാപത്രവും 15,000 രൂപയും).
ഇബ്രാഹിം വേങ്ങര ചെയര്‍മാനും, സേവ്യര്‍ പുല്‍പ്പാട്ട് മെമ്പര്‍ സെക്രട്ടറിയും, അഡ്വ. മണിലാല്‍, ഡോ. സുനില്‍കുമാര്‍, വി ടി മുരളി എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് നാടകങ്ങള്‍ വിലയിരുത്തിയത്. വാര്‍ത്താസമ്മേളനത്തില്‍ അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി മധു, പ്രോഗ്രാം ഓഫീസര്‍ രാജീവ് എന്നിവര്‍ പങ്കെടുത്തു.