ഈ വര്‍ഷത്തെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് കവി പ്രഭാവര്‍മ്മയ്ക്ക്. ശ്യാമമാധവം എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. “ശ്യാമമാധവം” എന്ന കവിത വ്യാസ മഹാഭാരതത്തെ അടിസ്ഥാന പാഠമായി സ്വീകരിച്ചുകൊണ്ടുള്ള ഒരു “കാവ്യഭാരതപര്യടന”മാണ്. വേടന്റെ അമ്പേറ്റ് മരിക്കുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളിൽ കൃഷ്ണന്റെ മനസ്സിലൂടെ കടന്നുപോകുന്ന പോയകാല ജീവിതചിത്രങ്ങളാണ് ശ്യാമമാധവത്തിന്റെ പ്രമേയം.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ശ്യാമമാധവം നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുള്ള കൃതിയാണ്. കൃഷ്ണായനം മുതല്‍ ശ്യാമമാധവം വരെ പതിനഞ്ച് അധ്യായങ്ങളുള്ള ഖണ്ഡകാവ്യമാണ് ഇത്. ഖണ്ഡകാവ്യമെന്നു വിളിക്കപ്പെടുന്നുവെങ്കിലും ഈ കാവ്യത്തിനു ഒരു ബൃഹദാഖ്യായികയുടെ എല്ലാ ഗുണവിശേഷങ്ങളുമുണ്ട്. തികച്ചും വ്യത്യസ്തമായ ഒരു കാവ്യാനുഭവം പകര്‍ന്നു തരുന്ന ഈ ദീര്‍ഘകാവ്യം 2012ല്‍ പുറത്തിറങ്ങിയ മികച്ച പുസ്തകങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെടുന്നു.
മലയാള കവിയും ചലച്ചിത്രഗാന രചയിതാവും പത്രപ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മ 1959ലാണ് ജനിച്ചത്. ചങ്ങനാശ്ശേരി എന്‍എസ്എസ് ഹിന്ദു കോളേജില്‍ നിന്ന് ആംഗലേയ സാഹിത്യത്തില്‍ ബിരുദവും മധുര കാമരാജ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് എല്‍എല്‍ബിയും കരസ്ഥമാക്കി സൗപര്‍ണിക, അര്‍ക്കപൂര്‍ണിമ, ചന്ദനനാഴി, ആര്‍ദ്രം എന്നിവയാണ് പ്രഭാവര്‍മ്മയുടെ കാവ്യസമാഹാരങ്ങള്‍. ‘പാരായണത്തിന്റെ രീതിഭേദങ്ങള്‍’ എന്ന പ്രബന്ധസമാഹാരവും ‘മലേഷ്യന്‍ ഡയറിക്കുറിപ്പുകള്‍’ എന്ന യാത്രാവിവരണവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമിയുടെ നിര്‍വാഹക സമിതി അംഗമായ പ്രഭാവര്‍മ്മയുടെ അര്‍ക്കപൂര്‍ണ്ണിമ എന്ന കവിതാസമാഹാരത്തിന് 1995 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. മലയാറ്റൂര്‍ അവാര്‍ഡ്, മഹാകവി പി പുരസ്‌കാരം, ചങ്ങമ്പുഴ അവാര്‍ഡ്, കൃഷ്ണഗീതി പുരസ്‌കാരം, വൈലോപ്പിളളി പുരസ്‌കാരം, മൂലൂര്‍ അവാര്‍ഡ്, അങ്കണം അവാര്‍ഡ്, തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
പ്രഭാവര്‍മയുടെ പ്രതികരണം
ചെന്നൈ സ്റ്റുഡിയോയില്‍ പുതിയ ചിത്രത്തിനുള്ള പാട്ട് ചിട്ടപ്പെടുത്തുമ്പോഴാണ് പ്രഭാവര്‍മ്മയെത്തേടി അവാര്‍ഡ് വാര്‍ത്ത എത്തിയത്. പുരസ്‌കാര വാര്‍ത്തയോട് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്.
”ശ്യാമമാധവത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷിക്കുന്നു. ഈ അവാര്‍ഡ് ലഭിച്ചതിനാല്‍ ഈ കാവ്യം ഏറെ ശ്രദ്ധിക്കപ്പെടുകയും എല്ലാവരിലേക്കും എത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ചെന്നൈ പ്രസാദ് സ്റ്റുഡിയോയില്‍ സംഗീതസംവിധായകന്‍ ഇളയരാജയ്ക്കും സിനിമാ സംവിധായകന്‍ ഹരികുമാറിനുമൊപ്പം ഹരികുമാറിന്റെ പുതിയ ചിത്രത്തിന്റെ പാട്ട് കംപോസ് ചെയ്യുമ്പോഴാണ് അവാര്‍ഡ് വിവരം അറിഞ്ഞത്. ചിത്രകലയിലെ അസാമാന്യ പ്രതിഭയായരിരുന്ന ബാലന്‍ക്ലിന്റനെക്കുറിച്ചുള്ള സിനിമയാണിത്. ആ അസാമാന്യ പ്രതിഭയെ കുറിച്ചുള്ള പാട്ടുകള്‍ ചിട്ടപ്പെടുത്തിക്കൊണ്ടിരിക്കുമ്പോള്‍ വന്ന അവാര്‍ഡില്‍ കൂടുതല്‍ സന്തോഷം- അദ്ദേഹം പറഞ്ഞു.”