ഭാരതീയ ജ്ഞാനപീഠ പുരസ്‌കാര സമിതിയുടെ 2016ലെ മൂര്‍ത്തീദേവി സാഹിത്യ പുരസ്‌കാരത്തിന് എം.പി വീരേന്ദ്രകുമാര്‍ അര്‍ഹനായി. ഹൈമവതഭൂവില്‍ എന്ന യാത്രാവിവരണകൃതിക്കാണ് പുരസ്‌കാരം. നാല് ലക്ഷം രൂപയും സരസ്വതി വിഗ്രഹവും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
സാഹിത്യകാരന്‍ സത്യവ്രത ശാസ്ത്രി അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്. ഹിമാലയ യാത്രയുടെ പശ്ചാത്തലത്തില്‍ ഭാരതീയ സംസ്‌കാരവും പ്രകൃതി സംരക്ഷണത്തിന്റെ പ്രധാന്യവും വായനക്കാര്‍ക്ക് പകര്‍ന്നു നല്‍കുന്ന കൃതിയാണ് ഹൈമവതഭൂവില്‍ എന്ന് പുരസ്‌കാര സമിതി വിലയിരുത്തി.
കേന്ദ്ര സാഹിത്യ അക്കാദമി, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, അമൃതകീര്‍ത്തി തുടങ്ങി മികച്ച പുരസ്‌കാരങ്ങള്‍ ലഭിച്ച ഹൈമവതഭൂവില്‍ ഹിന്ദിയിലും തമിഴിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അന്വേഷണാത്മകത, ആത്മീയത, ചരിത്രകഥനം എന്നിവ സമ്മേളിച്ചുകൊണ്ടുള്ള ഹിമാലയന്‍ യാത്രാനുഭവമാണ് ഹൈമവതഭൂവില്‍ എന്ന പുസ്തകം വായനക്കാര്‍ക്ക് പകര്‍ന്ന് നല്‍കുന്നത്. ആഖ്യാനത്തിലെ വേറിട്ട സമീപനം കൊണ്ടും ചരിത്രത്തിലെ ഇടപെടലുകള്‍ കൊണ്ടും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു ഈ പുസ്തകം.
കേന്ദ്രകേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, നാലപ്പാടന്‍ അവാര്‍ഡ്, മഹാകവി ജി. അവാര്‍ഡ്, ബാലാമണിയമ്മ പുരസ്‌കാരം തുടങ്ങി എണ്‍പതോളം പുരസ്കാരം എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും രാജ്യസഭാ എം.പിയും ജനതാദള്‍-യു നേതാവുമായ എം.പി. വീരേന്ദ്രകുമാറിനെ തേടിയെത്തിയിട്ടുണ്ട്.
ഇന്ത്യയുടെ സംസ്‌കാരികപാരമ്പര്യത്തിലും തത്ത്വചിന്തയിലും വേരൂന്നി മാനുഷ്യമൂല്യങ്ങള്‍ ഉള്‍ക്കാഴ്ചയോടെ അവതരിപ്പിക്കുന്ന കൃതിക്കാണ് എല്ലാവര്‍ഷവും മൂര്‍ത്തീദേവി പുരസ്‌കാരം നല്‍കുന്നത്. മലയാളത്തിന് ലഭിക്കുന്ന മൂന്നാമത്തെ മൂര്‍ത്തീദേവി പുരസ്കാരമാണിത്. 2009ല്‍ അക്കിത്തത്തിനും 2013ല്‍ സി. രാധാകൃഷ്ണനും പുരസ്കാരം ലഭിച്ചിരുന്നു.