കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മുഖേന ഏര്‍പ്പെടുത്തിയ 2015-16 വര്‍ഷത്തെ ഡി സി പുരസ്‌കാരത്തിന് എറണാകുളം കക്കാട്ടൂര് പബ്ലിക് ലൈബ്രറിയെ തിരഞ്ഞെടുത്തു. 4,4444 രൂപയുടെ പുസ്തകങ്ങളും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌കാരം. സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന വായനശാലകള്‍ക്കാണ് ഡി.സി കിഴക്കെമുറിയുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഡി സി പുരസ്‌കാരം നല്‍കുന്നത്.
2016 ഡിസംബര്‍ 18ന് രാവിലെ 10ന് കോഴിക്കോട് ജില്ലയിലെ പുത്തൂര്‍ ദേശസേവിനി വായനശാലയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും. ചടങ്ങില്‍ കേരളത്തിലെ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.
പി.എന്‍ പണിക്കര്‍ ശിലാസ്ഥാപനം നടത്തിയ കക്കാട്ടൂര് പബ്ലിക് ലൈബ്രറി 1970ലാണ് ആരംഭിച്ചത്. വാഹന സൗകര്യം പോലുമില്ലാത്ത തീര്‍ത്തും ഗ്രാമീണ മേഖലയിലാണ് ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. 707 അംഗങ്ങളും 11224 പുസ്തകങ്ങളും ഉള്ള എ ഗ്രേഡ് ലൈബ്രറിയാണ്. ഏഴ് പത്രങ്ങളും 26 ആനുകാലിക പ്രസിദ്ധീകരണങ്ങളും വായനക്കാര്‍ക്ക് ലൈബ്രറിയില്‍ ലഭ്യമാണ്. വീടുകളില്‍ പുസ്തകം എത്തിക്കുന്ന വനിതാ പുസ്തകവിതരണ പദ്ധതി പ്രവര്‍ത്തിച്ചു വരുന്നു.
കാര്‍ഷിക മേഖലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തിവരുന്ന ഇടപെടല്‍ അവാര്‍ഡിന് പരിഗണിച്ചതില്‍ പ്രധാന ഘടകമാണ്. തരിശുഭൂമിയിലെ നെല്‍കൃഷി, പാട്ടകൃഷി, കൃഷി പുസ്തകങ്ങളുടെ വില്‍പ്പനയ്ക്കായിട്ടുള്ള സ്റ്റാള്‍ ഒരുക്കിയത്, നാടന്‍ പശുവിനെ സംബന്ധിച്ച സെമിനാര്‍ തുടങ്ങിയവ ഇതില്‍ പ്രധാനമാണ്. പരിസ്ഥിതി സംബന്ധിച്ച സെമിനാറുകള്‍, ചിത്രരചനാ മത്സരങ്ങള്‍, കരാട്ടെ ക്ലാസ്സുകള്‍, പഠനയാത്രകള്‍ എന്നിവയും സംഘടിപ്പിച്ചു വരുന്നു. കെ.യു സൈമണ്‍ പ്രസിഡന്റായും മനോജ് നാരായണന്‍ സെക്രട്ടറിയുമായിട്ടുള്ള 11 അംഗ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.