ഈ വര്‍ഷത്തെ ഹബീബ് വലപ്പാട് അവാര്‍ഡിന് പി കെ പാറക്കടവ് അര്‍ഹനായി. അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത കഥകള്‍ എന്ന കഥാസമാഹാരത്തിനാണ് അവാര്‍ഡ്. പതിനായിരം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ.പി.വി. കൃഷ്ണന്‍ നായര്‍, ബാലചന്ദ്രന്‍ വടക്കേടത്ത്, യു.കെ. കുമാരന്‍ എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് കൃതി തിരഞ്ഞെടുത്തത്.
ഹബീബ് വലപ്പാട് സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഹബീബ് വലപ്പാട് അവാര്‍ഡ് ഡിസംബര്‍ 10ന് വലപ്പാട് വെച്ച് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
മിനിക്കഥകളിലൂടെ മലയാള സാഹിത്യത്തിന് പുതിയ മാനങ്ങള്‍ പകര്‍ന്നു നല്‍കിയ പ്രശസ്ത കഥാകൃത്താണ് പി കെ പാറക്കടവ്. കഥയെ കവിതയുടെ അതിരുകളുമായി ബന്ധിപ്പിച്ചു നിര്‍ത്തുന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കൃതിയാണ് തിരഞ്ഞെടുത്ത കഥകള്‍. മനുഷ്യജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളെ അവതരിപ്പിക്കുന്നതും സമകാലിക മനുഷ്യാവസ്ഥയുടെ സങ്കീര്‍ണ്ണതകളെ ആവിഷ്‌കരിക്കുന്നതുമായ പി കെ പാറക്കടവിന്റെ കഥാഭൂമികയില്‍ നിന്നും തിരഞ്ഞെടുത്ത ഏറ്റവും മികച്ച കഥകളുടെ സമാഹാരമാണിത്.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച തിരഞ്ഞെടുത്ത കഥകള്‍ പ്രവാസി ബുക്ക് ട്രസ്റ്റിന്റെ സര്‍ഗ്ഗ സമക്ഷ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.