കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ സമഗ്ര സംഭാവനയ്ക്കുള്ള ഐ.വി.ദാസ് പുരസ്‌കാരത്തിന് കഥാകാരന്‍ ടി പത്മനാഭന്‍ അര്‍ഹനായി. 50,000 രൂപയും വെങ്കല ശില്‍പ്പവും,പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബറില്‍ കോഴിക്കോട്ടു നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
കഥാസാഹിത്യത്തിന്റെ അനന്തസാധ്യതകള്‍ മലയാള വായനക്കാരെ ബോധ്യപ്പെടുത്തിയ കഥാകൃത്താണ് തിണക്കല്‍ പത്മനാഭന്‍ എന്ന ടി പത്മനാഭന്‍. 1931ല്‍ കണ്ണൂര്‍ ജില്ലയിലെ പള്ളിക്കുന്നില്‍ ജനനം. ചിറക്കല്‍ രാജാസ് ഹൈസ്‌ക്കൂളിലും മംഗലാപുരം ഗവണ്‍മെന്റ് കോളേജിലും പഠനം. കുറച്ചുകൊല്ലം കണ്ണൂരില്‍ വക്കീലായി പ്രാക്ടീസ് ചെയ്തു. ശേഷം എഫ്.എ.സി.ടി (എഅഇഠ) യില്‍ ഉദ്യോഗസ്ഥനായിരുന്നു. 1989ല്‍ ഡപ്യൂട്ടി ജനറല്‍ മാനേജരായി റിട്ടയര്‍ ചെയ്തു. 1948 മുതല്‍ കഥകളെഴുതുന്നു.കവിതയുടെ വരമ്പത്തുകൂടി സഞ്ചരിക്കുന്നവ എന്ന് ഇദ്ദേഹത്തിന്റെ കഥകളെ വിശേഷിപ്പിക്കാറുണ്ട്. ആഖ്യാനത്തിലെ സങ്കീര്‍ണതകള്‍ ഒഴിവാക്കുന്ന കഥാകൃത്താണ് ഇദ്ദേഹം. ഉദാത്തമായ ലാളിത്യം ഇദ്ദേഹത്തിന്റെ കഥകളെ ശ്രദ്ധേയമാക്കുന്നു. 1974ല്‍ ‘സാക്ഷി’ എന്ന കഥാസമാഹാരത്തിന് കേരളസാഹിത്യ അക്കാദമി അവാര്‍ഡും 1996ല്‍ ‘ഗൗരി’ എന്ന പുസ്തകത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. എന്നാല്‍ ഈ പുരസ്‌കാരങ്ങള്‍ അവാര്‍ഡ് സംവിധാനത്തോടുള്ള എതിര്‍പ്പു മൂലം ഇദ്ദേഹം നിഷേധിച്ചു.
ഇന്ത്യയിലെ ഏതാണ്ടെല്ലാ ഭാഷകളിലും കഥകളുടെ തര്‍ജ്ജമകള്‍ വന്നിട്ടുണ്ട്. പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി എന്ന സമാഹാരം നാഷനല്‍ ബുക്ക് ട്രസ്റ്റ് 11 ഭാഷകളില്‍ തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിക്കുന്നുണ്ട്.നൂറ്റി അറൂപതില്‍ പരം കഥകള്‍ എഴുതിയിട്ടുണ്ട്.
പുരസ്‌കാരങ്ങള്‍. കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (2012), എഴുത്തച്ഛന്‍ പുരസ്‌കാരം (2003) വയലാര്‍ അവാര്‍ഡ് (2001),ലളിതാംബിക അന്തര്‍ജ്ജനം പുരസ്‌കാരം (1998) സ്‌റ്റേറ്റ് ഓഫ് ആല്‍ ഐന്‍ അവാര്‍ഡ് (1997) കേന്ദ്ര- കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1996) ഓടക്കുഴല്‍ പുരസ്‌കാരം (1995) തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.