വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ 15-ാമത് ബഷീർ അവാർഡ് എം മുകുന്ദന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ”നൃത്തം ചെയ്യുന്ന കുടകൾ “ എന്ന നോവലിനാണ് അംഗീകാരം. അൻപതിനായിരം രൂപയും പ്രശസ്തിപത്രവും സി എൻ കരുണാകരൻ രൂപകല്പന ചെയ്ത ശില്പവുമാണ് അവാർഡ്.
ഡോ.കെ എസ് രവികുമാർ , ഡോ എൻ അജയകുമാർ , കെ ബി പ്രസന്നകുമാർ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മറ്റി ട്രസ്റ്റ് ചെയർമാൻ അഡ്വ. പി കെ ഹരികുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്നാണ് അവാർഡ് നിർണ്ണയിച്ചത്. പ്രവാസ ജീവിതവും ജനിച്ച നാട്ടിലെ ജീവിതവും തമ്മിൽ ഇടകലരുന്ന സവിശേഷമായ ഭാവുകത്വത്തിന് മികച്ച ഉദാഹരണമാണ് “നൃത്തം ചെയ്യുന്ന കുടകൾ” . നേരത്തെ പ്രസിദ്ധീകരിച്ച “കുട നന്നാക്കുന്ന ചോയി” യുടെ തുടർച്ചയെന്നു പറയാവുന്ന കൃതിയാണിത്. മുകുന്ദന്റെ ആത്മാവ് പതിഞ്ഞ മയ്യഴിയെന്ന സവിശേഷ വ്യക്തിത്വമുള്ള പ്രദേശത്തിന്റെയും അവിടുത്തെ പ്രാദേശിക സംസ്കാരത്തിന്റെയും ദേശ്യഭാഷാ സവിശേഷതയുടെയും സത്തയിൽ നിന്നൂറി കൂടിയ രചനയാണ് ” നൃത്തം ചെയ്യുന്ന ചെയ്യുന്ന കുടകൾ” എന്ന് ജഡ്ജിംഗ് കമ്മറ്റി വിലയിരുത്തി.
ബഷീറിന്റെ ജന്മദിനമായ ജനുവരി 21 ന് വൈകിട്ട് -5 ന് ബഷീർ സ്മാരക മന്ദിരത്തിൽ വച്ച് അവാർഡ് നൽകുന്നതാണെന്ന് ട്രസ്റ്റ് സെക്രട്ടറി ഡോ.സി എം കുസുമൻ അറിയിച്ചു.
The post ബഷീര്‍ പുരസ്‌കാരം എം മുകുന്ദന് first appeared on DC Books.