ആട്ട ഗലാട്ട ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പുസ്തകപുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ ഇടംനേടി ഡി സി ബുക്സ് പ്രസിദ്ധീകരിച്ച കെ ആര്‍ മീരയുടെ നോവല്‍ ‘ഖബറിന്റെയും’ ഷീലാ ടോമിയുടെ നോവൽ ‘വല്ലി’ യുടെയും ഇംഗ്ലീഷ് പരിഭാഷകൾ. ഫിക്ഷന്‍ വിഭാഗത്തിലാണ് ഇവ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വാസന്തിയുടെ ‘ബ്രേക്കിങ് ഫ്രീ’ (വിവര്‍ത്തനം-എന്‍ കല്യാണ്‍ രാമന്‍), വോഹിനി വരയുടെ ‘ദി ഇമ്മോര്‍ട്ടല്‍ കിങ് റാവു’, ദാമോദര്‍ മോസോയുടെ ‘ദി വെയ്റ്റ് ആന്‍ഡ് അതര്‍ സ്‌റ്റോറീസ്’ (വിവര്‍ത്തനം-സേവ്യര്‍ കോട്ട), ഗീതാഞ്ജലി ശ്രീയുടെ ‘ടോമ്പ് ഓഫ് സാന്‍ഡ്‘ എന്നിവയാണ് ഫിക്ഷന്‍ വിഭാഗം ചുരുക്കപ്പട്ടികയില്‍ ഇടംനേടിയ മറ്റ് പുസ്തകങ്ങള്‍.
എഴുത്തുകാരിയും എഡിറ്ററുമായ നിഷ സൂസനാണ് കെ ആർ മീരയുടെ ‘ഖബർ’ എന്ന നോവൽ അതേ പേരിൽ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. വെസ്റ്റ്‌ലാന്‍ഡാണ് പ്രസാധകർ. ബാബറി മസ്ജിദിന്റെ സ്ഥാനത്ത് അയോദ്ധ്യാ ക്ഷേത്രം ഉയരുമ്പോള്‍ ഇവിടെ ഒരു ഖബറില്‍ നിന്ന് ഉയരുന്ന ശബ്ദങ്ങള്‍. വിധികള്‍ പലപ്പോഴും പ്രതിവിധികളാകുന്നില്ലെന്ന തിരിച്ചറിവു നല്‍കുന്ന നോവലാണ് ‘ഖബര്‍’. ഭാവനയുടെയും ഖയാലുദ്ദീൻ തങ്ങളുടെയും അസാധാരണ ബന്ധത്തിന്റെ കഥ പറയുമ്പോഴും ഇന്ത്യൻ രാഷട്രീയത്തിന്റെ വർത്തമാനാവസ്ഥകളെ അതുമായി ബന്ധിപ്പിച്ചു കൊണ്ട് നാം കടന്നു പോകുന്ന ഭീതിദമായ അനുഭവങ്ങളിലേക്ക് ഫിക്ഷനിലൂടെ തിരിച്ചു നടത്തുകയാണ് ഖബർ എന്ന നോവൽ . ആന്തരികവും ബാഹ്യവുമായ കലാപങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരുടെ പ്രത്യാശകളെയും ഈ നോവൽ സംവഹിക്കുന്നുണ്ട്.
പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക
ജയശ്രീ കളത്തിലാണ് ഷീലാടോമിയുടെ ‘വല്ലി’ എന്ന കൃതി അതേ പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. ഹാർപ്പർ കോളിൻസ് ആണ് പ്രസാധകർ. വയനാട്ടിലെ കുടിയേറ്റ കര്‍ഷകരുടെ ജീവിതം പ്രമേയമാക്കി എഴുതപ്പെട്ട നോവലാണ് വല്ലി. കുടിയേറ്റത്തിനിടയില്‍ സംഭവിക്കുന്ന പ്രണയങ്ങളും പ്രണയനിരാസവും വിപ്ലവവും മറ്റു സങ്കീര്‍ണ്ണതകളുമൊക്കെ ഈ നോവലിലുമുണ്ട്. വറ്റിവരണ്ട് മെലിയുന്ന നദിയും സമൃദ്ധമായ കാട് മെല്ലെ മെല്ലെ ഇല്ലാതായികൊണ്ടിരിക്കുന്നതുമായ കല്ലുവയൽ എന്ന ഗ്രാമമാണ് നോവലിന്റെ പ്രധാന ഭൂമിക. പ്രകൃതിയുമായുള്ള മനുഷ്യന്‍റെ ഗാഢ ബന്ധവും അതിലുപരി, ജാതി, ഗോത്രം, ഇക്കോഫെമിനിസം, തൊഴിൽ, ആത്മീയത, കുടിയേറ്റം, കുടിയിറക്കം, എന്നിങ്ങനെ ഒട്ടേറെ പ്രമേയങ്ങളുടെ സൂക്ഷ്മാവതരണവും വല്ലിയിലുണ്ട്. വയനാടിന്‍റെ സമഗ്രാഖ്യാനമെന്ന നിലയില്‍ വയനാട് പ്രമേയമായ ഇതര നോവലുകളില്‍നിന്ന് വേറിട്ടു നിൽക്കുന്ന രചന.
പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക
The post ആട്ട ഗലാട്ട ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പുസ്തക പുരസ്‌കാരം 2022; ചുരുക്കപ്പട്ടികയില്‍ ഇടം നേടി ഖബറും വല്ലിയും first appeared on DC Books.