ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്. 5 ലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമാണിത്. മലയാളസാഹിത്യത്തിന്നു നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്‌കാരം സമർപ്പിക്കുന്നതെന്ന് സാംസ്‌കാരികവകുപ്പ് മന്ത്രി വി എൻ വാസവൻ പത്രസമ്മേളനത്തിൽ അറിയിച്ചു. സേതു എന്ന എഴുത്തുകാരന്റെ ജീവിതാനുഭവങ്ങള്‍ പുതുതലമുറയെ പ്രചോദിപ്പിക്കുന്ന ഒരു പാഠപുസ്തകമാണെന്ന് വിധിനിര്‍ണ്ണയസമിതി വിലയിരുത്തി.
കേരളസാഹിത്യഅക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ ചെയര്‍മാനും പ്രൊഫസര്‍ എം കെ സാനു, വൈശാഖന്‍, കാലടി ശ്രീശങ്കരാചാര്യസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം വി നാരായണന്‍, സാംസ്‌കാരികവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ എ എസ് എന്നിവർ അംഗങ്ങളുമായ വിധിനിര്‍ണ്ണയസമിതിയാണ് പുരസ്‌കാരം സേതുവിന് സമര്‍പ്പിക്കാന്‍ ഏകകണ്ഠമായി ശുപാര്‍ശ ചെയ്‌തത്.
മലയാളസാഹിത്യരംഗത്ത് വ്യത്യസ്തമായ ശൈലി ആവിഷ്‌കരിച്ചുകൊണ്ട് കടന്നുവന്ന എഴുത്തുകാരനാണ് സേതു എന്ന സേതുമാധവന്‍. ചെറുകഥാരംഗത്തും നോവല്‍ രംഗത്തും ഒരുപോലെ ആസ്വാദകരെ സൃഷ്ടിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. പാണ്ഡവപുരം എന്ന ഒറ്റ നോവല്‍ കൊണ്ട് സാഹിത്യലോകത്തെ സേതു കീഴടക്കി. പാണ്ഡവപുരം പോലെതന്നെ സേതുവിന്റെ തൂലികയില്‍ നിന്നു ജനിച്ച കൈമുദ്രകള്‍, നിയോഗം, വിളയാട്ടം, ഏഴാം പക്കം, കൈയൊപ്പും കൈവഴികളും,അറിയാത്ത വഴികള്‍, ആലിയ എന്നീ നോവലുകളും ജനശ്രദ്ധയാര്‍ജ്ജിച്ചവയാണ്. അദ്ദേഹത്തിന്റെ നിരവധി പുസ്തകങ്ങൾ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മനുഷ്യമനസ്സിന്റെ അന്തര്‍ഭാവത്തെയും ആദിരൂപത്തെയും ആവാഹിക്കുന്ന ഏഴാം പക്കം, മനുഷ്യത്വം മരവിച്ചുപോയ സമൂഹത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു ചെറുപ്പക്കാരന്റെ കഥപറയുന്ന കിരാതം, മനുഷ്യജീവിതത്തിന്റെ അര്‍ത്ഥരാഹിത്യത്തെ ആവിഷ്‌കരിക്കുന്നതാളിയോല, മനുഷ്യന്റെ കടിഞ്ഞാണില്ലാത്ത ആഗ്രഹങ്ങളുടെയും വികൃതമായ ദൗര്‍ബല്യങ്ങളുടെയും കഥപറയുന്ന ഞങ്ങള്‍ അടിമകള്‍ എന്നീ നോവലുകളൊക്കെ കാലാതീതമായി വായിക്കപ്പെടുന്നു. ആകര്‍ഷകമായ ആവിഷ്‌കാരവും പുതുമയുള്ള രചനാതന്ത്രവുമാണ് അദ്ദേഹത്തിന്റെ രചനകളുടെ പ്രത്യേകത.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് (അടയാളങ്ങള്‍), കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (പേടിസ്വപ്നങ്ങള്‍, പാണ്ഡവപുരം), ഓടക്കുഴല്‍ അവാര്‍ഡ് (മറുപിറവി), മുട്ടത്തുവര്‍ക്കി അവാര്‍ഡ് (പാണ്ഡവപുരം), മലയാറ്റൂര്‍ അവാര്‍ഡ് (കൈമുദ്രകള്‍), വിശ്വദീപം അവാര്‍ഡ് (നിയോഗം), പത്മരാജന്‍ അവാര്‍ഡ് (ഉയരങ്ങളില്‍) തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
പ്രധാന കൃതികള്‍ പാണ്ഡവപുരം, ഞങ്ങള്‍ അടിമകള്‍, കിരാതം, നവഗ്രഹങ്ങളുടെ തടവറ (പുനത്തില്‍ കുഞ്ഞബ്ദുള്ളയുമൊത്ത്), വനവാസം, ഏഴാംപക്കം, താളിയോല, വിളയാട്ടം, അയല്‍പക്കം, കൈമുദ്രകള്‍, കൈയൊപ്പും കൈവഴികളും, നിയോഗം, അറിയാത്ത വഴികള്‍, അരുന്ധതിയുടെ വിരുന്നുകാരന്‍, ആറാമത്തെ പെണ്‍കുട്ടി, കിളിമൊഴികള്‍ക്കപ്പുറം, അടയാളങ്ങള്‍, പെണ്ണകങ്ങള്‍, മറുപിറവി, ആലിയ, തിങ്കളാഴ്ചകളിലെ ആകാശം, വെളുത്ത കൂടാരങ്ങള്‍, ദൂത്, ഗുരു, പ്രഹേളികാകാണ്ഡം, സേതുവിന്റെ കഥകള്‍, ചില കാലങ്ങളില്‍ ചില ഗായത്രിമാര്‍, എന്റെ പ്രിയപ്പെട്ട കഥകള്‍, ആദ്യാക്ഷരങ്ങള്‍
സേതുവിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
The post എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന് first appeared on DC Books.