പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ചലച്ചിത്രകാരനുമായ സി.രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്‌കാരം. ഒന്നര ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്‌കാരം. എഴുത്തച്ഛന്റെ ജീവിതത്തെ ആധാരമാക്കി തീക്കടല്‍ കടഞ്ഞ് തിരുമധുരം എഴുതിയ അദ്ദേഹത്തിന് ഭാഷാപിതാവിന്റെ പേരിലുള്ള ഈ പുരസ്‌കാരം ലഭിക്കുമ്പോള്‍ എല്ലാ സാഹിത്യസ്‌നേഹികള്‍ക്കും അത് ഇരട്ടി സന്തോഷമായി മാാറുന്നു.
എഴുത്തുകാരന്‍, സിനിമ സംവിധായകന്‍, പത്രപ്രവര്‍ത്തകന്‍, ശാസ്ത്രജ്ഞന്‍ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ കൈമുദ്ര ചാര്‍ത്തിയ സി.രാധാകൃഷ്ണന്‍ 1939 ഫെബ്രുവരി 15നു തിരൂരില്‍ ജനിച്ചു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്നും പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്നുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ് അദ്ദേഹം. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആരംഭിച്ച എഴുത്ത് നവോത്ഥാന കാലഘട്ടത്തില്‍ തുടങ്ങി എഴുപതുകളിലും എണ്‍പതുകളിലും കൂടി ആധുനികോത്തര കാലഘട്ടത്തില്‍ എത്തി നില്‍ക്കുന്നു. എല്ലാ കാലഘട്ടങ്ങളിലും പ്രമേയപരമായി അനിഷേധ്യമായ ഉള്‍ക്കരുത്ത് രേഖപ്പെടുത്തുന്നവയാണ് അദ്ദേഹത്തിന്റെ കൃതികള്‍.
വൈവിദ്ധ്യവും വൈചിത്ര്യവും നിറഞ്ഞ ജീവിത ചിത്രണമാണ് സി.രാധാകൃഷ്ണന്‍ തന്റെ കൃതികളിലൂടെ നടത്തിയത്. മന:ശാസ്ത്രത്തിന്റേയും ഭൗതികശാസ്ത്രത്തിന്റേയും ഉള്‍ക്കാഴ്ചകള്‍ ഈ രചനകളില്‍ പശ്ചാത്തലമായി നിലക്കൊള്ളുന്നു. മലയാളത്തിലെ ഏറ്റവും വായിക്കപ്പെട്ട വിവാദ നോവലുകളില്‍ ഒന്നായിരുന്നു നക്‌സലിസത്തെ ആസ്പദമാക്കി അദ്ദേഹം രചിച്ച മുന്‍പേ പറക്കുന്ന പക്ഷികള്‍. തീക്കടല്‍ കടഞ്ഞ് തിരുമധുരം, അമ്മത്തൊട്ടില്‍, ഇനിയൊരു നിറകണ്‍ചിരി, അഗ്നി, പൂജ്യം, ഉള്‍പ്പിരിവുകള്‍, പിന്‍നിലാവ്, പുഴ മുതല്‍ പുഴ വരെ, സ്പന്ദമാപിനികളെ നന്ദി, മുമ്പേ പറക്കുന്ന പക്ഷികള്‍, ഇവിടെ എല്ലാവര്‍ക്കും സുഖം തുടങ്ങിയവ ശ്രദ്ധേയമായ കൃതികളില്‍ ചിലതാണ്. അദ്ദേഹത്തിന്റെ കൃതികള്‍ പല ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
കൊടൈക്കനാല്‍ ആസ്‌ട്രോഫിസിക്‌സ് ഒബ്‌സര്‍വേറ്ററിയില്‍ ശാസ്ത്രജ്ഞനായിരുന്ന സി.രാധാകൃഷ്ണന്‍ സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിന്റെ പ്രസിഡന്റും ഭാഷാപോഷിണി, മാധ്യമം എന്നിവയുടെ എഡിറ്ററുമായിരുന്നു. 1962ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 1988ലെ അബുദാബി മലയാളി സമാജം അവാര്‍ഡ്, 1989ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, 1990ലെ വയലാര്‍ അവാര്‍ഡ് 2010ല്‍ കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം, 2011ലെ വള്ളത്തോള്‍ പുരസ്‌കാരം തുടങ്ങിയവ അടക്കം മുഖ്യ സാഹിത്യപുരസ്‌കാരങ്ങളെല്ലാം ലഭിച്ച അദ്ദേഹത്തിന് 2013ല്‍ മൂര്‍ത്തീദേവി പുരസ്‌കാരവും ലഭിച്ചു.
മധു സംവിധാനം ചെയ്ത പ്രിയ എന്ന സിനിമയിലൂടെ തിരക്കഥാകൃത്തായി മാറിയ സി.രാധാകൃഷ്ണന്‍ പത്ത് സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ചു. അഗ്‌നി, പുഷ്യരാഗം, കനലാട്ടം, ഒറ്റയടിപ്പാതകള്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്തതും അദ്ദേഹമായിരുന്നു. ഇന്ത്യന്‍ ദേശീയ ചലച്ചിത്ര മേളയുടെ അവാര്‍ഡ് കമ്മിറ്റിയുടെയും ഇന്ത്യന്‍ പനോരമ ചലച്ചിത്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെയും അംഗമായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
The post സി.രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്‌കാരം appeared first on DC Books.