2021 ലെ ബഷീർ പുരസ്‌കാരം കവി സച്ചിദാനന്ദന്. തലയോലപ്പറമ്പിലെ വൈക്കം മുഹമ്മദ് ബഷീർ സ്‌മാരക ട്രസ്റ്റിന്റെ 14-ാമത് ബഷീർ അവാർഡാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച
സച്ചിദാനന്ദന്റെ ‘ദുഖം എന്ന വീട്’ എന്ന കവിതാ സമാഹാരത്തിന് ലഭിച്ചത്. 50,000 രൂപയും പ്രശസ്‌തിപത്രവും സി എൻ കരുണാകരൻ രൂപകല്പന ചെയ്‌ത ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
ഡോ. കെ എസ് രവികുമാർ, ഡോ. എസ് ശാരദക്കുട്ടി, ഇ പി രാജഗോപാൽ എന്നിവർ അടങ്ങിയ ജഡ്ജിങ് കമ്മറ്റി ട്രസ്റ്റ് ചെയർമാൻ അഡ്വ. പി കെ ഹരികുമാറിന്റെ അധ്യക്ഷതയിൽ ചേർന്നാണ് അവാർഡ് നിശ്ചയിച്ചത്. ബഷീറിന്റെ ജന്മദിനമായ 21ന് തലയോലപ്പറമ്പിലെ ബഷീർ സ്മാരക മന്ദിരത്തിൽ വച്ച് അവാർഡ് സമർപ്പിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി ഡോ. സി എം കുസുമൻ അറിയിച്ചു.
അവനവനോടും അപരരോടും പ്രകൃതിയോടും പ്രപഞ്ചത്തോടുമുള്ള നിരന്തരമായ സംഭാഷണമാണ് സച്ചിദാനന്ദനു കവിത. നമ്മുടെ നാട് വേദനകളില്‍നിന്ന് വേദനകളിലേക്കു സഞ്ചരിക്കുന്നതിന് സാക്ഷിയായ കവിയുടെ ആത്മരോഷവും ദുഃഖവും നിറഞ്ഞ സംഭാഷണങ്ങളാണ് ‘ദുഖം എന്ന വീട്’ എന്ന സമാഹാരത്തിലെ കവിതകള്‍.