വൈലോപ്പിള്ളി സ്മാരക സമിതി 40 വയസ്സില്‍ താഴെയുള്ള യുവകവികളുടെ കവിതാസമാഹാരത്തിന് വര്‍ഷം തോറും നല്കിവരുന്ന വൈലോപ്പിള്ളി കവിതാ പുരസ്‌കാരം ശ്രീജിത്ത് അരിയല്ലൂരിന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘സീറോ ബള്‍ബ്’ എന്ന സമാഹാരത്തിനാണ് അംഗീകാരം. 10,000 രൂപയും കീര്‍ത്തിമുദ്രയും അടങ്ങുന്നതാണ് പുരസ്‌കാരം.
വൈലോപ്പിള്ളി സ്മൃതി ദിനമായ 22 ന് സാഹിത്യ അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. പ്രൊഫ. എം. ഹരിദാസ് കണ്‍വീനറും ഡോ ഇ സന്ധ്യ, വര്‍ഗ്ഗിസാന്റണി എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണ് കൃതി തെരഞ്ഞെടുത്തത്.
”വ്യഥയും ഏകാകിതയും തിരസ്‌കരിക്കപ്പെടുന്നതിന്റെ ദീനതയുമാണ് അരിയല്ലൂർക്കവിതകളുടെ അന്തർഭാവം. കാപട്യങ്ങളോട് രാജിയാവുന്നത് കവികൾക്ക് ഭൂഷണമല്ലെന്ന് ശ്രീജിത്ത് കരുതുന്നുണ്ട്. കവിത അലങ്കാരത്തിന് കൊണ്ടുനടക്കുന്ന ആഭരണമല്ല, മറിച്ച് കഠിന കണ്ടകങ്ങളിലൂടെയുള്ള യാത്രകളിൽ കൂടെപ്പോന്നതാണ്. കവിയാവാൻ മോഹിച്ച് ഇറങ്ങിപ്പുറപ്പെട്ടവരുടെ ഇടയിലല്ല ശ്രീജിത്ത് അരിയല്ലൂരിനെ തിരയേണ്ടത്. കവിതയെ ജീവനും ജീവനവുമായി കരുതുന്ന നിവഹങ്ങൾക്കിടയിലാണ്”-ഡോ. ഉണ്ണി ആമപ്പാറയ്ക്കൽ.