ഹൈദരാബാദിലെ മലയാളി സംഘടനയായ നവീന സാംസ്‌കാരിക കലാകേന്ദ്രം (എന്‍ എസ് കെ കെ) ഏര്‍പ്പെടുത്തിയ ഒ വി വിജയന്‍ പുരസ്‌കാരത്തിന് ചന്ദ്രമതി അര്‍ഹയായി. ‘രത്‌നാകരന്‍റെ ഭാര്യ‘ എന്ന ചെറുകഥാ സമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്. 50,001 രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും കീര്‍ത്തിപത്രവും അടങ്ങുന്നതാണു പുരസ്‌കാരം.
തന്റെ ജീവിത പരിസരങ്ങളില്‍ വച്ചു കണ്ടുമുട്ടുന്ന ആളുകളാണ് ചന്ദ്രമതിയുടെ രത്‌നാകരന്‍റെ ഭാര്യ എന്ന സമാഹാരത്തില്‍ കഥാപാത്രങ്ങളാകുന്നത്. സിദ്ധാന്തഭാരങ്ങളില്ലാതെ ആ കഥാപാത്രങ്ങള്‍ അവരുടെ വഴിയ്ക്കു സഞ്ചരിക്കുന്നു. കഥാകൃത്തും അവരെ പിന്തുടരുന്നു. അവര്‍ തെളിക്കുന്ന വഴിയിലൂടെ കഥ പുരോഗമിക്കുന്നു. വായനക്കാരോട് ആ കഥാപാത്രങ്ങളുടെ അന്തര്‍ഗ്ഗതങ്ങള്‍ കഥാകൃത്ത് വിശദീകരിക്കുന്നു. ഇടയ്ക്ക് തനിക്കവരെപ്പറ്റി കൂടുതലൊന്നും അറിയില്ലെന്ന് പരിതപിക്കുകയും ചെയ്യുന്നു. കഥ പറച്ചിലിന്റെ ഈ സരസതയാണ് ഈ സമാഹാരത്തെ ശ്രദ്ധേയമാക്കുന്നത്. ഡി സി ബുക്‌സാണ് ഈ കൃതിപ്രസിദ്ധീകരിച്ചിരിക്കുന്നത്.
മലയാള സാഹിത്യത്തില്‍ പെണ്ണെഴുത്തിന്റെ ശബ്ദം സജീവമാകുന്നതിന് മുമ്പു തന്നെ സ്ത്രീകളുടെ കണ്ണിലൂടെ കഥകളെ നോക്കിക്കണ്ട എഴുത്തുകാരിയാണ് ചന്ദ്രമതി. മലയാളി എഴുത്തുകാരികള്‍ക്കിടയില്‍ എന്നും ശ്രദ്ധേയമായ സ്വരമായിരുന്നു അവരുടേത്. പാരമ്പര്യത്തിന്റെ തുടര്‍ച്ചയും നവീനതയുടെ പരീക്ഷണോന്മുഖതയുടേയും സമ്മേളനങ്ങളായിരുന്നു അവരുടെ കഥകള്‍. ചന്ദ്രമതിയുടെ നിരവധി ഗവേഷണ ലേഖനങ്ങളും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വിവര്‍ത്തനങ്ങളും ദേശീയ അന്തര്‍ദേശീയ പ്രസിദ്ധീകരണങ്ങളില്‍ വന്നിട്ടുണ്ട്. കഥകളുടെ ഇംഗ്ലീഷ്, ഹിന്ദി വിവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും പി എച്ച് ഡിയും നേടിയിട്ടുള്ള ചന്ദ്രമതി അധ്യാപികയായിരുന്നു. സാഹിത്യ അക്കാദമിയുടെ മധ്യകാല ഭാരതീയ സാഹിത്യത്തിന്റെ എക്‌സിക്യുട്ടീവ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അപര്‍ണയുടെ തടവറകള്‍ (അശ്വതിയുടെയും), രത്‌നാകരന്റെ ഭാര്യ, ഇവിടെ ഒരു ടെക്കി, ദേവീഗ്രാമം, ദൈവം സ്വര്‍ഗ്ഗത്തില്‍, സ്വയം സ്വന്തം, വേതാള കഥകള്‍, പേരില്ലാപ്രശ്‌നങ്ങള്‍, ആര്യാവര്‍ത്തനം, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, റെയിന്‍ഡിയര്‍, തട്ടാരം കുന്നിന്‍ലെ വിഗ്രഹങ്ങള്‍, അന്നയുടെ അത്താഴ വിരുന്ന്, മദ്ധ്യകാല മലയാള കവിത എന്നിവയാണ് പ്രധാന കൃതികള്‍. ഓടക്കുഴല്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വി പി ശശികുമാര്‍ അവാര്‍ഡ്, തോപ്പില്‍ രവി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
നവംബര്‍ ആറിനു ഹൈദരാബാദിലെ എന്‍.എസ്.കെ.കെ സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിക്കുക. ഹിന്ദി കവിയും എഴുത്തുകാരനുമായ അശോക് വാജ്‌പെയി, കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍, ആഷാമേനോന്‍ എന്നിവര്‍ പങ്കെടുക്കും. ചടങ്ങിനോടനുബന്ധിച്ച് സാഹിത്യ സെമിനാറും ഉണ്ടാവും.
The post ഒ വി വിജയന്‍ പുരസ്‌കാരം ചന്ദ്രമതിക്ക് appeared first on DC Books.