കോഴിക്കോട്: അക്ബര്‍ കക്കട്ടില്‍ ട്രസ്റ്റിന്റെ അക്ബര്‍ കക്കട്ടില്‍ പുരസ്‌കാരം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സാറാ ജോസഫിന്റെ ബുധിനി എന്ന നോവലിന്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
അഞ്ചു വര്‍ഷങ്ങളിലിറങ്ങിയ നോവലുകളില്‍നിന്നാണ് ഡോ.എം.എം. ബഷീര്‍, കെ.സച്ചിദാനന്ദന്‍, മുണ്ടൂര്‍ സേതുമാധവന്‍ എന്നിവരടങ്ങിയ സമിതി പുരസ്‌കാരം നിര്‍ണ്ണയിച്ചത്. ഫെബ്രുവരി 17-ാം തീയതി വൈകിട്ട് നാലിന് കോഴിക്കോട് ടൗണ്‍ ഹാളില്‍ അക്ബര്‍ കക്കട്ടില്‍ അനുസ്മരണച്ചടങ്ങില്‍ യു.എ.ഖാദര്‍ പുരസ്‌കാരം സമ്മാനിക്കും.
ആരുടെയൊക്കൊയോ വികസനത്തിനായി സ്വന്തം മണ്ണില്‍നിന്ന് ആട്ടിയോടിക്കപ്പെടുകയും ജീവനോപാധികള്‍ മുഴുവനും തകര്‍ക്കപ്പെടുകയും ചെയ്യുന്നവരുടെ ജീവിതം ആവിഷ്‌കരിക്കുകയാണ് ബുധിനിയിലൂടെ സാറാ ജോസഫ്. ദാമോദര്‍വാലി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ ജവഹര്‍ലാല്‍ നെഹ്‌റുവിനെ അണിയിച്ച ഒരു ഹാരം ബുധിനിയുടെ ജീവിതത്തെത്തന്നെ തകര്‍ത്തെറിയുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സാന്താള്‍ ഗോത്രത്തിന്റെ നിലനില്പിനായുള്ള പോരാട്ടത്തിന്റെയും ദുരിതപൂര്‍ണ്ണമായ ജീവിതത്തിന്റെയും പരിസ്ഥിതിയുടെ മേലുള്ള മനുഷ്യന്റെ കടന്നുകയറ്റത്തിന്റെയും അവസ്ഥകള്‍ നോവലില്‍ എഴുത്തുകാരി ചിത്രീകരിക്കുന്നത്.