യു.കെ.യിലെ ഏറ്റവും വലിയ ബാലസാഹിത്യ പുരസ്‌കാരമായ കോസ്റ്റ ചില്‍ഡ്രന്‍സ് ബുക്ക് പുരസ്‌കാരം ജസ്ബിന്ദര്‍ ബിലാന്‍ എന്ന ഇന്ത്യന്‍ വംശജയ്ക്ക്. ജസ്ബിന്ദറിന്റെ ആദ്യ ബാലസാഹിത്യ നോവലായ ആഷ ആന്റ് ദി സ്പിരിറ്റ് ബേഡ് എന്ന കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 5000 പൗണ്ടാണ്( ഏകദേശം നാലരലക്ഷം രൂപ)യാണ് സമ്മാനത്തുക.
യു.കെയിലും അയര്‍ലണ്ടിലും താമസിക്കുന്ന എഴുത്തുകാരുടെ ആദ്യ നോവല്‍, നോവല്‍, ആത്മകഥ, കവിത, ബാലസാഹിത്യം എന്നിങ്ങനെ അഞ്ചു വിഭാഗത്തിലുള്ള പുസ്തകങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. 144 പുസ്തകങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍നിന്നാണ് ജസ്ബിന്ദറിന്റെ കൃതി പുരസ്‌കാരത്തിനര്‍ഹമായത്. ഹിമാലയന്‍ താഴ്‌വരയിലൂടെ ആഷ എന്ന പതിനൊന്ന് വയസ്സുകാരി അവളുടെ സുഹൃത്തായ ജീവനൊപ്പം നടത്തുന്ന യാത്രയാണ് നോവലിന്റെ ഇതിവൃത്തം.
കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം ഇന്ത്യയില്‍നിന്ന് ഇംഗ്ലണ്ടിലെ നോട്ടിങ്ഹാമിലേക്ക് കുടിയേറിയ ജസ്ബിന്ദര്‍ ബിലാന്‍ ഇപ്പോള്‍ ഭര്‍ത്താവിനും രണ്ടു കുട്ടികള്‍ക്കുമൊപ്പം സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ബാത്ത് നഗരത്തിലാണ് താമസിക്കുന്നത്.