
കോട്ടയം: തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ 12-ാമത് ബഷീര്‍ പുരസ്‌കാരം മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ടി.പത്മനാഭന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ടി.പത്മനാഭന്റെ മരയ എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 50,000 രൂപയും പ്രശസ്തിപത്രവും സി.എന്‍.കരുണാകരന്‍ രൂപകല്പന ചെയ്ത ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനമായ ജനുവരി 21-ന് തലയോലപ്പറമ്പിലെ ബഷീര്‍ സ്മാരക മന്ദിരത്തില്‍വെച്ച് പുരസ്‌കാരം സമര്‍പ്പിക്കും.
ഡോ.എം. തോമസ് മാത്യു, കെ.സി. നാരായണന്‍, ഡോ. കെ.എസ്. രവികുമാര്‍ എന്നിവര്‍ അടങ്ങിയ ജഡ്ജിങ് കമ്മറ്റി, ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ.വി.കെ ഹരികുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്. സൂക്ഷ്മഭാവങ്ങളുടെ കാവ്യാത്മകമായ ആവിഷ്‌കാരമാണ് പത്മനാഭന്‍ കഥകളെന്നും ‘മരയ‘യിലെ കഥകളും ഇത്തരത്തിലുള്ളതാണെന്നും ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി. മലയാളത്തിലെ ഏറ്റവും വലിയ കഥാകാരന്‍മാരില്‍ ഒരാളായ വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിലുള്ള പുരസ്‌കാരം ഈ വലിയ കഥാകാരനുള്ള മഹത്തായ ഉപഹാരമായിരിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.