തിരുവനന്തപുരം: മാധ്യമരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ സമ്മാനിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരമായ സ്വദേശാഭിമാനി കേസരി പുരസ്‌കാരം കേരളകൗമുദി ചീഫ് എഡിറ്റര്‍ എം.എസ്.മണിക്ക്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാള മാധ്യമപ്രവര്‍ത്തനത്തില്‍ സജീവ ഇടപെടലുകള്‍ നടത്തുകയും നിര്‍ണായക സ്വാധീനം ചെലുത്തുകയും ചെയ്ത മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്നത് പരിഗണിച്ചാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.
1941 നവംബര്‍ നാലിന് കൊല്ലത്ത് പത്രാധിപര്‍ കെ. സുകുമാരന്റെയും മാധവി സുകുമാരന്റെയും മൂത്ത മകനായാണ് അദ്ദേഹത്തിന്റെ ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ബി.എസ്.സി ബിരുദം നേടിയ എം. എസ്. മണി 1961-ല്‍ കേരളകൗമുദിയില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായാണ് പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. 1962-ല്‍ ലോക്‌സഭാ, രാജ്യസഭാ റിപ്പോര്‍ട്ടിംഗിലൂടെ ശ്രദ്ധേയനായി. 1965-ല്‍ തിരുവനന്തപുരത്ത് മടങ്ങിയെത്തിയ അദ്ദേഹം ദീര്‍ഘകാലം കേരളകൗമുദി എഡിറ്റോറിയല്‍ വിഭാഗത്തിന് നേതൃത്വം നല്‍കിയിരുന്നു.
ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റിയുടെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, ഓള്‍ ഇന്ത്യ ന്യൂസ് പേപ്പര്‍ എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അംബേദ്കര്‍, കേസരി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.