തിരുവനന്തപുരം: 2019-ലെ എഴുത്തച്ഛന്‍ പുരസ്‌കാരം മലയാളത്തിലെ സമുന്നത സാഹിത്യകാരന്‍ ആനന്ദിന്. സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
സാംസ്‌കാരികവകുപ്പ് മന്ത്രി എ.കെ.ബാലനാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്. കേരളസര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം.വൈശാഖന്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്.
മലയാള നോവല്‍ സാഹിത്യ രംഗത്തെ ശ്രദ്ധേയ സ്വരങ്ങളിലൊന്നാണ് ആനന്ദിന്റേത്. മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിച്ച അദ്ദേഹം അതുവരെ മലയാളത്തിന് അപരിചിതമായിരുന്ന ജീവിതചിത്രീകരണങ്ങള്‍ക്ക് ശ്രമിച്ചു. അതിനായി അദ്ദേഹം ഉപയോഗിച്ച ശൈലിയും വ്യത്യസ്തമായിരുന്നു.
ആനന്ദിന്റെതായി പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവലാണ് ആള്‍ക്കൂട്ടം. മലയാള നോവല്‍ സാഹിത്യചരിത്രത്തിലെ ഒരു വഴിത്തിരിവായി കരുതപ്പെടുന്ന ഈ നോവല്‍ 1970-ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. അന്നുവരെയുണ്ടായിരുന്ന നോവല്‍സങ്കല്പത്തിനു മാറ്റം വരുത്തുന്നതായിരുന്നു ആനന്ദിന്റെ ഈ നോവല്‍. അഭയാര്‍ത്ഥികള്‍, മരുഭൂമികള്‍ ഉണ്ടാകുന്നത്, വ്യാസനും വിഘ്‌നേശ്വരനും, ഗോവര്‍ധന്റെ യാത്രകള്‍, മരണസര്‍ട്ടിഫിക്കറ്റ് എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രധാന കൃതികള്‍.
1936-ല്‍ തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ജനിച്ച ആനന്ദ് പട്ടാളത്തിലും ഗവണ്‍മെന്റ് സര്‍വ്വീസിലും എഞ്ചിനീയറായിരുന്നു. പി.സച്ചിദാനന്ദന്‍ എന്നാണ് യഥാര്‍ത്ഥപേര്. നാലു വര്‍ഷത്തോളം പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നോവല്‍, കഥ, ലേഖനം, പഠനം തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി അനേകം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ശില്പകലയിലും തത്പരനായ ആനന്ദിന്റെ പല നോവലുകളിലും മുഖചിത്രമായി അദ്ദേഹം നിര്‍മ്മിച്ച ശില്പങ്ങളുടെ ഫോട്ടോയാണ് ഉപയോഗിച്ചിരിക്കുന്നത്.