കായിക്കര കുമാരനാശാന്‍സ്മാരക അസോസിയേഷന്റെ ആശാന്‍ വിശ്വകവിതാ പുരസ്‌കാരം ചിലിയിലെ പ്രശസ്ത കവി റൗള്‍ സുറിറ്റയ്ക്ക് നല്‍കും. അഞ്ചുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
ഏപ്രില്‍ 29ന് മഹാകവി കുമാരനാശാന്റെ ജന്മനക്ഷത്രദിനത്തില്‍ അദ്ദേഹത്തിന്റെ ജന്മഗ്രാമമായ കായിക്കരയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. തുടര്‍ന്ന് റൗള്‍ സുറിറ്റ ആശാന്‍ വിശ്വപുരസ്‌കാര പ്രഭാഷണം നടത്തും. കായിക്കരയില ആശാന്‍ മെമ്മോറിയല്‍ അസോസിയേഷനാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.
1950ല്‍ ജനിച്ച സുറിറ്റ ചിലിയിലെ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന കവിയാണ്. ഭീകര ഭരണത്തില്‍ മനം നൊന്ത് കവി സ്വന്തം കണ്ണുകള്‍ ആസിഡ് ഉപയോഗിച്ചു പൊള്ളിക്കാന്‍ പോലും ശ്രമിച്ചിരുന്നു. കംപ്യൂട്ടര്‍ സെയില്‍സ്മാനായും ഫിലോസഫി അധ്യാപകനായും പ്രവര്‍ത്തിച്ചു. 2017ലെ കൊച്ചി ബിനാലെയില്‍ സുറിറ്റയുടെ ഇന്‍സ്റ്റലേഷന്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
സാഹിത്യത്തിനുള്ള ചിലിയന്‍ ദേശീയ പുരസ്‌കാരവും പാബ്ലോ നെരൂദ പുരസ്‌കാരവും ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയ കവിയാണ് റൗള്‍ സുറിറ്റ. ഉപരോധത്തിന്റെയും അതിജീവനത്തിന്റെയും സന്ദേശമാണ് അദ്ദേഹത്തിന്റെ കവിതകളുടേതെന്ന് ജൂറി അധ്യക്ഷന്‍ കവി കെ. സച്ചിദാനന്ദന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജൂറി അംഗങ്ങളായ സാറാജോസഫ്, എം.എ. ബേബി, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ്. സുധീഷ്, വര്‍ക്കിങ് പ്രസിഡന്റ് ചെറുന്നിയൂര്‍ ജയപ്രകാശ്, സെക്രട്ടറി വി. ലൈജു, ട്രഷറര്‍ ഡോ. ബി. ഭുവനേന്ദ്രന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ആശാന്‍ യുവകവി പുരസ്‌കാരത്തിന് ശ്രീജിത്ത് അരിയല്ലൂരിന്റെ പലകാല കവിതകള്‍ എന്ന കാവ്യസമാഹാരം അര്‍ഹമായി. അന്‍പതിനായിരം രൂപയുടേതാണ് പുരസ്‌കാരം.