കേരള സെക്കുലര്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ആദ്യ മാനവികതാ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരന്‍ എം. സുകുമാരന്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
എഴുത്തുകാരന്‍ സക്കറിയ അദ്ധ്യക്ഷനും കെ.സി. നാരായണന്‍, പ്രദീപ് പനങ്ങാട്, കെ. അബ്ദുല്‍ ഗഫൂര്‍ എന്നവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്.
സെപ്തംബര്‍ മൂന്നിന് വൈകീട്ട് അഞ്ചു മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ഇതോടനുബന്ധിച്ച് ‘എം. സുകുമാരന്‍ എഴുത്തും രാഷ്ട്രീയവും’ എന്ന വിഷയത്തില്‍ സമ്മേളനം സംഘടിപ്പിക്കും. സക്കറിയയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ബി. രാജീവന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും.
പാലക്കാട് ജില്ലയിലെ ചിറ്റൂരിലാണ് എം.സുകുമാരന്‍ ജനിച്ചത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായതോടെ പഠനം അവസാനിച്ചു. കുറച്ചുകാലം ഒരു ഷുഗര്‍ ഫാക്ടറിയിലും ആറുമാസം ഒരു സ്വകാര്യ വിദ്യാലയത്തില്‍ െ്രെപമറി വിഭാഗം ടീച്ചറായും ജോലി ചെയ്തു. 1963ല്‍ തിരുവനന്തപുരത്ത് അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ക്ലര്‍ക്ക് ആയി ജോലി ലഭിച്ചെങ്കിലും 1974ല്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സര്‍വീസില്‍ നിന്നും ഡിസ്മിസ് ചെയ്യപ്പെട്ടു. 1982ല്‍ എഴുത്തിന് ഇടവേള നല്‍കി പത്തുവര്‍ഷങ്ങള്‍ക്കു ശേഷം 1992ല്‍ പിതൃതര്‍പ്പണവുമായി എത്തുകയായിരുന്നു അദ്ദേഹം.
അറുപതുകളില്‍ പുതിയ ഭാവുകത്വവുമായി മലയാള സാഹിത്യത്തിലെത്തിയ എം. സുകുമാരന്‍ കുറച്ചേ എഴുതിയിട്ടുള്ളുവെങ്കിലും എഴുതിയതെല്ലാം ശ്രദ്ധേയമായി. എഴുപതുകളിലെ പ്രക്ഷുബ്ധമായ രാഷ്ട്രീയതലം പശ്ചാത്തലമാക്കി സുകുമാരന്‍ എഴുതിയ കഥകള്‍ മലയാള സാഹിത്യത്തില്‍ വേറിട്ടു നില്‍ക്കുന്നു.
The post മാനവികതാ പുരസ്‌കാരം എം. സുകുമാരന് appeared first on DC Books.