2017 ലെ അബുദാബി മലയാളിസമാജം സാഹിത്യ അവാര്‍ഡ് സാഹിത്യകാരന്‍ പി കെ പാറക്കടവിന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഇടിമിന്നലുകളുടെ പ്രണയം എന്ന നോവലിനാണ് പുരസ്‌കാരം. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസാകരം.
2018 ഫെബ്രുവരി അവസാനവാരം അബുദാബിയില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ടി.പദ്മനാഭന്‍ അവാര്‍ഡ് സമ്മാനിക്കും.
ചോരമണം വിട്ടൊഴിയാത്ത, നിരന്തരം യുദ്ധകാഹളം മുഴങ്ങുന്ന ഫലസ്തീന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവലാണ് ഇടിമിന്നലുകളുടെ പ്രണയം. അലയുന്ന രാജ്യമായ ഫലസ്തീനിലെ ജീവിതവും, അതിജീവനവും ചരിത്രവും രാഷ്ട്രീയവും പ്രണയവും എല്ലാം പ്രമേയമായി കടന്നുവരുന്നു ഈ നോവലില്‍.
കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതിയംഗവും കേന്ദ്ര സാഹിത്യ അക്കാദമി അംഗവുമായ പി.കെ.പാറക്കടവ് ഇപ്പോള്‍ മാധ്യമം പീരിയോഡിക്കല്‍സിന്റെ എഡിറ്ററാണ്. മുപ്പത്തഞ്ചോളം കൃതികള്‍ പ്രസിദ്ധീകരിച്ചു. കഥകള്‍ ഇംഗ്ലിഷ്, ഹിന്ദി, മറാഠി, അറബി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. എസ്.കെ.പൊറ്റെക്കാട്ട് അവാര്‍ഡ്, അയനം സി.വി.ശ്രീരാമന്‍ അവാര്‍ഡ്, വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക അവാര്‍ഡ്, ഫൊക്കാനോ അവാര്‍ഡ്, പ്രവാസി ബുക്ക് ട്രസ്റ്റ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.