22 -ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരശ്ശീലവീണപ്പോള്‍ മലയാളത്തിന്റെ അഭിമാനമുയര്‍ത്തിയത് രണ്ട് ചലച്ചിത്രങ്ങളാണ്. ഒന്ന് എസ് ഹരീഷ് തിരക്കഥയെഴുതി സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ‘ഏദന്‍’ എന്ന ചിത്രവും ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്ഷ്‌സാക്ഷിയും. ഇതില്‍ ഏദന്‍ എന്ന ചിത്രത്തിന് രണ്ട് അവാര്‍ഡുകളാണ് ലഭിച്ചത്. മികച്ച മലയാളം ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും, നവാഗതസംവിധായകനുള്ള രജതചകോരവും.
ശ്രദ്ധേയനായ എഴുത്തുകാരന്‍ എസ് ഹരീഷിന്റെ ‘നിര്യാതനായി’, ‘ചപ്പാത്തിലെ കൊലപാതകം’, ‘മാന്ത്രികവാല്‍’ എന്നീ കഥകളെ കൂട്ടിയിണക്കിയതാണ് ഏദന്‍ എന്ന ചിത്രം. എസ് ഹരീഷിന്റെ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ആദം എന്ന ചെറുകഥാസമാഹരത്തിലേതാണ് ഈ മൂന്ന് കഥകളും.
ഒരുപാട് കാലത്തെ വരള്‍ച്ചയ്ക്കു ശേഷം എഴുതിയ മാന്ത്രികവാല്‍; ചെറുപ്പം മുതല്‍ ചുറ്റം കാണുന്ന നിസ്സഹായതയിലും ചങ്കുറപ്പ് കൈവിടാത്ത ധൈര്യവതികളായ പെണ്‍കുട്ടികള്‍ക്കുമുളള അഭിവാദനമായിരന്നു. നിര്യാതരായി എന്ന കഥ ജീവിതത്തോടും മരണത്തോടുമുളള സമീപനം കൊണ്ട് എന്നെ അത്ഭുതപ്പെടുത്തിയ ഒരാളുടെ കഥയാണ്. ചപ്പാത്തിലെ കൊലപാതകം; ഹൈറേഞ്ചിലെ കുടിയേറ്റ ജീവിതങ്ങളോടുളള ആദരവില്‍ നിന്നുണ്ടായതാണ്. ഈ മൂന്ന് കഥകളെയും ബന്ധിപ്പിക്കുന്ന നൂലിഴകള്‍ സഞ്ജു കണ്ടെത്തി. നിര്യാതരായിയിലെ ഒരു അപ്രധാന കഥാപാത്രത്തെ മൂന്ന് കഥകളിലേയ്ക്കും വ്യാപിപ്പിച്ച് ഇണക്കി കണ്ണിയാക്കി.- ഇതാണ് ‘ഏദനി’ലേക്കുള്ള വഴിയെന്ന് എസ് ഹരീഷ് പറയുന്നു.
എസ് ഹരീഷ്, സുഹൃത്തായ രേഖാ രാജ്, സഞ്ജു സുരേന്ദ്രന്‍ എന്നിവരുടെ കഠിനപ്രയത്‌നത്തിന്റെ ഫലമാണ് ഈ സിനിമയും അതിനുകിട്ടിയ അംഗീകാരവും.