ഭൗതികശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്. കിപ് തോണ്‍, റെയ്‌നര്‍ വെയ്‌സ്, ബാറി ബാരിഷ് എന്നിവര്‍ക്കാണു പുരസ്‌കാരം. ഗുരുത്വാകര്‍ഷണ തരംഗങ്ങളുടെ പഠനത്തെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പ്രവചിച്ച ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ 2015ലാണ് ആദ്യമായി കണ്ടെത്താനായത്. മൂവരും ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷനല്‍–വേവ് ഒബ്‌സര്‍വേറ്ററിയിലെ (ലിഗോ) അംഗങ്ങളാണ്.
ഒന്‍പതു മില്യണ്‍ സ്വീഡിഷ് ക്രോണോര്‍ (1.1 മില്യണ്‍ യുഎസ് ഡോളര്‍) ആണ് സമ്മാനത്തുക. ഇതില്‍ പകുതിയും റെയ്‌നര്‍ വെയ്‌സിനു ലഭിക്കും. ബാക്കി പകുതിയാണ് മറ്റു രണ്ടുപേര്‍ക്കുമായി കിട്ടുക. ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ കണ്ടുപിടിക്കുന്നതില്‍ നിര്‍ണായക പങ്കാണു ലിഗോ നടത്തിയതെന്നു റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.