വൈദ്യശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനത്തിന് മൂന്ന് പേര്‍ അര്‍ഹരായി. അമേരിക്കക്കാരായ ജെഫ്രി സി.ഹാള്‍, മൈക്കല്‍ റോസ്ബാഷ്, മൈക്കല്‍ ഡബ്ലിയു യംഗ് എന്നിവരാണ് ഈ വര്‍ഷം പ്രഖ്യാപിച്ച ആദ്യത്തെ നോബല്‍ സമ്മാനത്തിന് അര്‍ഹരായത്. മനുഷ്യ ശരീരത്തിലെ ബയോളജിക്കല്‍ ക്ലോക്ക് (circadian rhythms) സംബന്ധിച്ച പഠനത്തിനാണ് പുരസ്‌കാരം.
സസ്യങ്ങളും മൃഗങ്ങളും മനുഷ്യനും ജീവശാസ്ത്രപരമായ താളവുമായി എങ്ങനെ താദാത്മ്യം പ്രാപിക്കുന്നുവെന്ന കണ്ടെത്തലിനാണ് പുരസ്‌കാരം നല്‍കുന്നതെന്നാണ് നോബല്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. പഴയീച്ചകളില്‍ നടത്തിയ പരീക്ഷണത്തില്‍ അവയുടെ ജൈവീക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ജീന്‍ ശാസ്ത്ര സംഘം കണ്ടെത്തുകയായിരുന്നു. ‘period gene’ എന്നാണ് ഇതിന് പേര് നല്‍കിയത്. കോശങ്ങള്‍ക്ക് ഉള്ളില്‍ വെച്ച് രാത്രി സമയത്ത് ഈ ജീനുകള്‍ പ്രത്യേക തരം പ്രോട്ടീനുകള്‍ക്ക് രൂപം നല്‍കും. പകല്‍ സമയത്ത് വിഘടിക്കുന്ന ഈ പ്രോട്ടീനാണ് ശരീരത്തിലെ സമയക്രമം നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. ചുറ്റുപാടുകള്‍ക്ക് വ്യത്യസ്ഥമായി ജീവികളുടെ ശരീരം പ്രവര്‍ത്തിക്കുന്നത് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കും. ലോകത്തെ എല്ലാ ജീവിജാലങ്ങളും സൂര്യന്‍ അടിസ്ഥാനമായി അവസ്ഥാന്തരം പ്രാപിക്കുന്ന ചുറ്റുപാടുകള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത്.
7.19 കോടിയാണ് നോബല്‍ സമ്മാനത്തുക. വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരമാണ് എല്ലാവര്‍ഷവും ആദ്യം ആദ്യം പ്രഖ്യാപിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റ് വിഷയങ്ങളിലെ പുരസ്‌കാരവും പ്രഖ്യാപിക്കും.