വൈക്കം മുഹമ്മദ് ബഷീര്‍ മലയാള പഠനകേന്ദ്രം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ബഷീര്‍ പുരസ്‌കാരം കെ പി രാമനുണ്ണിയ്ക്ക്. അദ്ദേഹം എഴുതിയ ദൈവത്തിന്റെ പുസ്തകം എന്ന നോവലിനാണ് പുരസ്‌കാരം. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ബീറിന്റെ ജന്മദിനത്തിന്റെ ഭാഗമായി 20 ന് ഇടപ്പള്ളി അല്‍ അമീല്‍ പബ്ലിക് സ്‌കൂളില്‍ നടക്കുന്ന ബഷീര്‍ അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.
വയലാര്‍ അവാര്‍ഡ് നേടുകയും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ജീവിതത്തിന്റെ പുസ്തകം എന്ന ബൃഹദ് നോവലിനുശേഷം രാമനുണ്ണി എഴുതിയ നോവലാണ് ദെവത്തിന്റെ പുസ്തകം. രതിയെയും രാഷ്ട്രീയത്തെയുംവരെ അപ്രതീക്ഷിതമായ പരിണാമങ്ങള്‍ക്ക് വിധേയമാക്കുംവിധം കഴിഞ്ഞ രണ്ടുമൂന്ന് ദശാബ്ദങ്ങളില്‍ സാങ്കേതികവിദ്യ നമ്മുടെ ജീവിതത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നു. ജൈവഭാവങ്ങളും നൈതികതയും നഷ്ടപ്പെട്ട്‌സഹജീവിയെ അപകടകാരിയായ അപരനായിമാത്രം കാണുംവിധം സങ്കുചിതചിന്ത വളര്‍ന്നു. ദൈവങ്ങളെ മതങ്ങള്‍ അപഹരിച്ചെടുത്ത വര്‍ത്തമാനകാലത്ത് നഷ്ടമാകുന്ന വെളിച്ചത്തെ തെരയുകയാണ് കെ പി രാമനുണ്ണി ദെവത്തിന്റെ പുസ്തകത്തില്‍. മനോഹരമായ ഫാന്റസിയാണ് ദെവത്തിന്റെ പുസ്തകം . അതില്‍ നിറയുന്നതാകട്ടെ വര്‍ത്തമാനകാലജീവിതവും രാഷ്ട്രീയവും. ഈ കൃതി മുന്നോട്ട് വയ്ക്കുന്നത് ആശയത്തെക്കാളുപരി ആഗ്രഹമാണ്. ലോകം നവീകരിക്കപ്പെടെണമെന്ന എഴുത്തുകാരന്റെ അദമ്യമായ ഇച്ഛ.
യുദ്ധങ്ങളും അതിസാങ്കേതികതയും മനുഷ്യപ്രകൃതിയെയും ജീവപ്രപഞ്ചത്തെത്തന്നെയും കുടിലമാക്കുമ്പോള്‍ മഹാസ്‌നേഹത്തിന്റെ മതങ്ങള്‍ക്കിടയില്‍ നിന്ന് ദൈവങ്ങള്‍ക്ക് ഇറങ്ങി വരാതിരിക്കാനാകുമോ? ലോകസംസ്ഥാപനത്തിനുള്ള പ്രേമഗീതയുമായി പുതിയൊരു കൃഷ്ണനും മുഹമ്മദ് നബിയും ഇറങ്ങിവരികയാണ്. ഒപ്പം ലോകനവീകരണത്തിനായി സ്വയം തിരുത്തിക്കൊണ്ട് അഡോള്‍ഫ് ഹിറ്റ്‌ലര്‍, കാള്‍ മാര്‍ക്‌സ്, ഗാന്ധിജി തുടങ്ങി കുറേ അതികായരും. സമകാലികലോകത്തിന്റെ പ്രശ്‌നങ്ങളെ എങ്ങനെ പരിഹരിക്കാമെന്ന ആകുലതയില്‍, മതങ്ങളുണ്ടായ കാലത്തു നിന്ന് ദൈവങ്ങള്‍ ഇറങ്ങിവരുന്ന ഈ നോവല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ആത്മീയവും ഭൗതികവുമായൊരു വിച്ഛേദനത്തിനായുള്ള ലോകാഭിവാഞ്ജയ്ക്കുള്ള ഉത്തരമായി തീര്‍ന്നേക്കാവുന്ന ഈ കൃതി ലോകനവീകരണത്തിന്റെ പുതിയ മാനിഫെസ്‌റ്റോയാകുകയാണ്.