യുവകലാ സാഹിതി വയലാര്‍ രാമവര്‍മ കവിതാ പുരസ്‌ക്കാരം മാധവന്‍ പുറച്ചേരി രചിച്ച ഉച്ചിര എന്ന കാവ്യ സമാഹാരത്തിന്. 11,111രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്ന പുരസ്‌ക്കാരം 25 ന് വൈകുന്നേരം നാലുമണിക്ക് വയലാര്‍ രാഘവപ്പറമ്പില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. കൃഷി മന്ത്രി പി പ്രസാദ് പുരസ്‌ക്കാര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യും. വയലാര്‍ ശരത് ചന്ദ്ര വര്‍മ, ആലംകോട് ലീലാകൃഷ്ണന്‍, ഇ എം സതീശന്‍, ഡോ. പ്രദീപ് കൂടക്കല്‍, ആസിഫ് റഹിം എന്നിവരടങ്ങിയ അവാര്‍ഡ് നിര്‍ണയ സമിതിയാണ് പുരസ്‌ക്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
അമ്മക്കടല്‍, അവരുടെ രാവുകള്‍ ഉത്തമഗീതം, ഭൂമിജന്മം, മരായണം, ഗൃഹബുദ്ധന്‍ കിളിപ്പാട്ട് ഉച്ചിര തുടങ്ങിയ 42 കവിതകളാണ് ഉച്ചിര. അവതാരിക- ബാലചന്ദ്രന്‍ ചുള്ളിക്കാട്. മനുഷ്യന്‍ സമൂഹം, സംസ്‌കാരം, ചരിത്രം. പ്രകൃതി എന്നീ അനുഭവങ്ങളുടെ സൂക്ഷ്മതലങ്ങളെ സമന്വയിക്കുന്ന സാന്ദ്രവും സംക്ഷിപ്തവുമായ വാങ്മയശില്പങ്ങളാണ് മാധവന്‍ പുറച്ചേരിയുടെ കവിതകള്‍, ഉത്തരകേരള ത്തിന്റെ ചരിത്രത്തിലും സംസ്‌കാരത്തിലും പുരാവൃത്ത ങ്ങളിലും ആഴത്തില്‍ വേരോടിയ ഈ കവിതകളില്‍ സ്ത്രീപക്ഷദര്‍ശനത്തിന്റെയും പരിസ്ഥിതി വിവേക ത്തിന്റെയും ജനകീയരാഷ്ട്രീയത്തിന്റെയും മതേതരജീവിതത്തിന്റെയും അന്തര്‍ദ്ധാരകളുണ്ട്. ധര്‍മ്മലോപത്തിന്റെ വേദനകളും രാഷ്ട്രീയ നൈരാശ്യത്തിന്റെ ഇരുണ്ട നിഴലുകളുമുണ്ട്. ഇവയൊന്നും കേവലാശയങ്ങളായല്ല. അനുഭവത്തിന്റെ ആവിഷ്‌കൃതസത്തയായിട്ടാണ് കവിതകളില്‍ വെളിപ്പെടുന്നത്.’
The post യുവകലാ സാഹിതി വയലാര്‍ കവിതാ പുരസ്‌കാരം മാധവന്‍ പുറച്ചേരിക്ക് first appeared on DC Books.