ന്യൂഡൽഹി : കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്കാരം ഗ്രേസിക്കും യുവ പുരസ്കാരം അബിൻ ജോസഫിനും ലഭിച്ചു. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കാണ് അംഗീകാരങ്ങള്‍. ഗ്രേസിയുടെ ‘വാഴ്ത്തപ്പെട്ട പൂച്ച ‘ എന്ന കൃതിയാണ് അവാർഡിന് അർഹമായത്. കല്യാശേരി തീസിസ് എന്ന രചനയ്ക്കാണ് അബിൻ ജോസഫിനു പുരസ്കാരം. അൻപതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
കുട്ടികള്‍ക്കായി പ്രമുഖ എഴുത്തുകാരി ഗ്രേസി എഴുതിയ കഥകളുടെ പ്രഥമ സമാഹാരമാണ് ‘വാഴ്ത്തപ്പെട്ട പൂച്ച ‘. കുട്ടികളുടെ ഭാവനാലോകത്തെയും വിസ്മയങ്ങളെയും അടുത്തറിഞ്ഞു രചിച്ച ഇതിലെ ഓരോ കഥയും വായിച്ചു വളരുന്നവര്‍ക്കാവശ്യമായ നല്ല പാഠങ്ങള്‍ പകര്‍ന്നു നല്‍കും. കുട്ടികള്‍ നിര്‍ബന്ധമായും വായിക്കേണ്ട പുസ്തകം.
പുതുകാലത്തിന്റെ എഴുത്തും ഭാവുകത്വവും അടയാളപ്പെടുത്തുന്ന പരമ്പര കഥാഫെസ്റ്റില്‍ ഉള്‍പ്പെടുത്തി ഡിസി ബുക്സ് പ്രസിദ്ധീകരിച്ച കൃതിയാണ് കല്യാശ്ശേരി തീസിസ്. സമകാലിക മലയാളകഥയുടെ ദീപ്തവും വൈവിധ്യപൂർണ്ണവുമായ മുഖം അനാവരണം ചെയ്യുന്ന എട്ടു കഥാസമാഹാരങ്ങൾ ഡി സി ബുക്‌സ് ഈ പരമ്പരയിൽ അവതരിപ്പിക്കുന്നു. കല്യാശ്ശേരി തീസിസ്, 100 മില്ലി കാവ്യജീവിതം, ഹിരോഷിമയുടെ പ്യൂപ്പ, ഫ്രഞ്ച് വിപ്ലവത്തിന്റെ പ്ലാൻ, എന്റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങൾ, ഒ വി വിജയന്റെ കാമുകി, സഹയാത്രിക, പ്രതിനായകൻ തുടങ്ങിയ എട്ടു കഥകളാണ് അബിൻ ജോസഫിന്റെ ഈ സമാഹാരത്തിലുള്ളത്.
The post ഗ്രേസിക്കും അബിൻ ജോസഫിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം first appeared on DC Books.