93-ാമത് ഓസ്‍കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ‘ദി ഫാദർ’ എന്ന സിനിമയിലെ പ്രകടനത്തിന് 83-ാം വയസ്സിൽ ആന്റണി ഹോപ്കിൻസ് മികച്ച നടനുള്ള ഓസ്കർ പുരസ്കാരം നേടി. ഡിമെൻഷ്യ ബാധിച്ച വയോധികന്റെ വേഷമാണ് അദ്ദേഹം കൈകാര്യം ചെയ്തത്. നൊമാഡ് ലാൻഡ് ചിത്രത്തിലെ പ്രകടനത്തിന് ഫ്രാൻസസ് മക്ഡോർമെൻഡ് മികച്ച നടിയായി. മികച്ച ചിത്രത്തിനുള്ള ഓസ്കർ പുരസ്‌കാരത്തിന് അമേരിക്കൻ ഡ്രാമ ചിത്രം നൊമാഡ്ലാൻഡ് തെരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ സംവിധായിക മികച്ച സംവിധായികയ്ക്കുള്ള പുരക്‌സാരവും നേടിയിരുന്നു.
മികച്ച സഹനടിക്കുള്ള പുരസ്കാരം സൗത്ത് കൊറിയൻ നടി യൂൻ യോ ജുങ് (മിനാരി) നേടിയപ്പോൾ മികച്ച സംവിധായികയ്ക്കുള്ള ഓസ്കർ പുരസ്കാരം നേടുന്ന ആദ്യ ഏഷ്യൻ വനിത എന്ന നേട്ടത്തിനർഹയായി ക്ളോയി ഷാവോ. ഫ്രാൻസസ് മക്ഡോർമെൻഡ് വേഷമിട്ട ‘നൊമാദ്ലാൻഡ്’ എന്ന ചിത്രത്തിനാണ് ക്ളോയി പുരസ്കാരം നേടിയത്.
മൺമറഞ്ഞുപോയ പ്രതിഭകൾക്ക് ഓസ്കർ അക്കാദമി ആദരമർപ്പിച്ചു. ഇന്ത്യയിൽ നിന്നും ഭാനു അത്തയ്യയ്ക്കും ഇർഫാൻ ഖാനും ആദരമർപ്പിച്ചു. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ഓസ്കർ പുരസ്കാരത്തിനർഹമായി ‘സോൾ’ എന്ന ചിത്രം. ഫൈറ്റ് ഫോർ യു ആണ് മികച്ച ഗാനം. ജൂഡാസ് ആൻഡ് ദി ബ്ലാക്ക് മിശിഹ എന്ന ചിത്രത്തിലേതാണ് ഗാനം.
മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം ‘സൗണ്ട് ഓഫ് മെറ്റൽ’ സ്വന്തമാക്കി. മൈക്കൽ ഇ ജി നീൽസൺ പുരസ്കാരം സ്വീകരിച്ചു.
മികച്ച ഛായാഗ്രഹണം, മികച്ച പ്രൊഡക്ഷൻ ഡിസൈൻ തുടങ്ങിയ വിഭാഗങ്ങളിലെ പുരസ്കാരം ‘മാൻക്’ സ്വന്തമാക്കി. ഡേവിഡ് ഫെഞ്ചർ ആണ് സംവിധാനം. ഡൊണാൾഡ് ഗ്രഹാം ബർട്ട്, ജാൻ പാസ്കേൽ എന്നിവർ പ്രൊഡക്ഷൻ ഡിസൈനിനുള്ള പുരസ്കാരം സ്വീകരിച്ചു. എറിക് മെസ്സെർസ്മിഡ് ആണ് മികച്ച ഛായാഗ്രാഹകൻ.
ക്രിസ്റ്റഫർ നോളന്റെ ടെനെറ്റ് മികച്ച വിഎഫ്എക്‌സിനുള്ള ഓസ്കർ പുരസ്കാരം സ്വന്തമാക്കി. ഇന്ത്യയിൽ ചിത്രീകരിച്ച, ഡിംപിൾ കപാഡിയ വേഷമിട്ട ചിത്രമാണിത്.
മികച്ച ഡോക്യുമെന്ററി ഷോർട്ട് സബ്ജക്റ്റായി ‘കോലെറ്റ്’ തെരഞ്ഞെടുക്കപ്പെട്ടു
മൈ ഒക്‌ടോപസ് ടീച്ചർ മികച്ച ഡോക്യുമെന്ററി ഫീച്ചറായി തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച ആനിമേറ്റഡ് ഫീച്ചർ ഫിലിമിനുള്ള ഓസ്‌കർ റീസ് വിഥെർസ്പൂൺ പീറ്റ് ഡോക്ടർക്കും ഡാന മുറെക്കും സമ്മാനിച്ചു. ‘സോൾ’ എന്ന ചിത്രത്തിനാണ് പുരസ്‌കാരം
മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രത്തിനുള്ള ഓസ്കർ റീസ് വിഥെർസ്പൂൺ സമ്മാനിച്ചു. ‘എനിതിംഗ് ഹാപ്പെൻസ്, ഐ ലവ് യു’ എന്ന സിനിമയുടെ സംവിധായകർ വിൽ മക്കാർമാക്കും മൈക്കൽ ഗോവിയറും പുരസ്‌കാരം സ്വീകരിച്ചു
മികച്ച തത്സമയ ആക്ഷൻ ഷോർട്ട് ഫിലിം ഓസ്കർ ‘ടൂ ഡിസ്റ്റന്റ് സ്‌ട്രെഞ്ചേഴ്‌സ്’ സിനിമയിലെ ട്രാവൺ ഫ്രീക്കും മാർട്ടിൻ റോയിക്കും ലഭിച്ചു. അവാർഡ് ലഭിച്ചപ്പോൾ പോലീസ് ക്രൂരതയെക്കുറിച്ചും യുഎസിലെ കറുത്തവർഗ്ഗക്കാരുടെ
സമൂഹത്തെക്കുറിച്ചും അവർ സംസാരിച്ചു.
സൗണ്ട് ഓഫ് മെറ്റൽ എന്ന ചിത്രത്തിന് വേണ്ടി മികച്ച ശബ്ദത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. റൈസ് അഹമ്മദ് പുരസ്കാരം സമ്മാനിച്ചു.
മികച്ച മേക്കപ്പ്, വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം ആൻ റോത് നേടി. ‘ബ്ലാക്ക് ബോട്ടം’ എന്ന സിനിമയ്ക്കാണ് പുരസ്കാരം.
‘ജൂഡാസ് ആൻഡ് ദി ബ്ലാക്ക് മിശിഹാ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം ഡാനിയേൽ കലൂയ നേടി.
റോഡപകടത്തിൽ മകൾക്ക് ജീവൻ നഷ്ടപ്പെട്ട സംഭവം തോമസ് വിന്റർബർഗ് പങ്കുവെച്ചു. മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ ‘അനദർ റൗണ്ടിന്’ ഓസ്‌കർ ലഭിച്ചപ്പോൾ “ഇത് നിനക്കുള്ളതാണ്” എന്ന് അദ്ദേഹം പറഞ്ഞു.
‘പ്രോമിസിംഗ് യംഗ് വുമൺ’ എന്ന സിനിമയ്ക്ക് മികച്ച ഒറിജിനൽ തിരക്കഥക്കുള്ള പുരസ്കാരം എമറാൾഡ് ഫെനെൽ നേടി. 13 വർഷത്തിന് ശേഷം മികച്ച തിരക്കഥക്ക് ഓസ്കാർ നേടുന്ന ആദ്യ വനിതയാണ് അവർ.
The post ഓസ്കർ 2021 ; മികച്ച നടൻ ആന്റണി ഹോപ്കിൻസ്, മികച്ച നടി ഫ്രാൻസസ് മക്ഡോർമെൻഡ്; മികച്ച ചിത്രമായി നൊമാഡ്ലാൻഡ് തെരഞ്ഞെടുക്കപ്പെട്ടു first appeared on DC Books.