കുവൈത്ത് കലാ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ സാംബശിവന്‍ സ്മാരക പുരസ്‌കാരം എഴുത്തുകാരി കെ.ആര്‍.മീരയ്ക്ക്. ആരാച്ചാര്‍ എന്ന നോവലിനാണ് പുരസ്‌കാരം. 25,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, നൂറനാട് ഹനീഫ് പുരസ്‌കാരം തുടങ്ങി പ്രമുഖ ബഹുമതികള്‍ കരസ്ഥമാക്കിയ നോവലാണ് ആരാച്ചാര്‍.
രാജ്യവും നഗരവും രൂപംകൊള്ളുന്നതിനു മുമ്പുതന്നെ ആരാച്ചാര്‍ പദവി ലഭിച്ച ഗൃദ്ധാ മല്ലിക് കുടുംബത്തിലെ ഏറ്റവും പുതിയ തലമുറയില്‍പ്പെട്ട അംഗമായ ചേതനയിലൂടെയാണ് ആരാച്ചാര്‍ വികസിക്കുന്നത്. അവളുടെ അച്ഛന്‍ ഫൊണിഭൂഷണ്‍ 450 കുറ്റവാളികളെ തൂക്കിലേറ്റിയ ആരാച്ചാരായിരുന്നു. എന്നാല്‍ തുടര്‍ന്ന് ആ ജോലി ഏറ്റെടുക്കുവാന്‍ പുരുഷന്മാരില്ലാത്ത സാഹചര്യത്തില്‍ മുന്നോട്ടുവരുന്ന ചേതനയുടെ മുന്നില്‍ വിടരുന്നത് വലിയൊരു ലോകമാണ് – തെറ്റും ശരിയും, കുറ്റവും ശിക്ഷയും, നിതിയും അനീതിയും ധര്‍മ്മവും അധര്‍മ്മവും ഒക്കെ തിരഞ്ഞെടുപ്പുകള്‍ക്കായി കാത്തുനില്‍ക്കുന്ന ഒരു ലോകം. ശക്തമായൊരു കഥാപാത്രത്തെയാണ് നായികാകേന്ദ്രീകൃതമായ ഈ നോവല്‍ മുന്നോട്ടു വയ്ക്കുന്നത്. ചേതനയുടെയും അവളുടെ പിതാവിന്റെയും ഓര്‍മ്മകളിലൂടെ പുറത്തുവരുന്നത് നൂറ്റാണ്ടുകളോളം ആരാച്ചാര്‍മാരായി പ്രവര്‍ത്തിച്ച, വ്യത്യസ്ത തലമുറകളുടെ കഥകളാണ്. അതിലൂടെ ഭരണകൂടം തങ്ങളുടെ അധീനതയിലുള്ളവരെ എങ്ങനെയൊക്കെ ഇരകളാക്കിമാറ്റുന്നു എന്നുകൂടിയാണ്.
മലയാളനോവല്‍ സാഹിത്യത്തില്‍ പ്രമേയപുതുമകൊണ്ടും ആഖ്യാനചാതുരികൊണ്ടും നിശ്ചയമായും വേറിട്ടുനില്‍ക്കുന്ന ഈ നോവലിനെ ഒരു ആധുനിക ക്ലാസിക് എന്ന് നിസ്സംശയം വിശേഷിപ്പിക്കാം. ബംഗാളി സംസ്‌കാരവും ഭാഷയും യഥോചിതം കലര്‍ത്തിയിരിക്കുന്ന ഈ നോവല്‍ തീര്‍ച്ചയായും പ്രാദേശികഭാഷയില്‍ രചിക്കപ്പെട്ട ഒരു ദേശീയ നോവല്‍ തന്നെയാണ്. ഇംഗ്ലീഷില്‍ ഹാങ് വുമണ്‍ എന്നപേരിലും തമിഴിലും തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ബെസ്റ്റ് സെല്ലറായ ആരാച്ചാരുടെ ഒരുലക്ഷം കോപ്പികളാണ് കുറഞ്ഞവര്‍ഷംകൊണ്ട് പുറത്തിറങ്ങിയത്.
ആഗസ്റ്റ് 14ന് കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കെ.ആര്‍.മീരയ്ക്ക് പുരസ്‌കാരം സമ്മാനിക്കും. കുവൈത്ത് കലാ ട്രസ്റ്റിന്റെ വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റും ചടങ്ങില്‍ വിതരണംചെയ്യും. ഓരോ ജില്ലയിലും എസ്എസ്എല്‍സിക്ക് മലയാളം മീഡിയത്തില്‍ ഉന്നത വിജയം നേടിയ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രണ്ടുവീതം കുട്ടികള്‍ക്കാണ് എന്‍ഡോവ്‌മെന്റ് നല്‍കുക. രാവിലെ പത്തിന് കലാ ട്രസ്റ്റിന്റെ കുടുംബ സംഗമം നടക്കും.
The post സാംബശിവന്‍ പുരസ്‌കാരം കെ ആര്‍ മീരയ്ക്ക് appeared first on DC Books.